ഫാറൂഖ് കോളജിന് ഇനി വനിതാ സാരഥി; പുതു ചരിത്രം

ചരിത്രമുറങ്ങുന്ന കോഴിക്കോട് ഫാറൂഖ് കോളജ് ഇനിമുതല്‍ വനിത പ്രിന്‍സിപ്പള്‍ ഭരിക്കും. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ. ആയിഷ സ്വപ്നയാണ് ഈ സ്വപ്ന നേട്ടത്തില്‍ എത്തിയത്.

മലബാറിന്‍റെ വിദ്യാഭ്യാസ രംഗത്ത് 75 വര്‍ഷമായി ഫാറൂഖ് കോളജ് ഇങ്ങനെ തലയെടുപ്പോടെ നില്‍ക്കുന്നു.14000 റോളം കുട്ടികള്‍ പഠിക്കുന്ന ഈ കോളജിന് ഇന്ന് പറയാനുള്ളത് മറ്റൊരു കഥയാണ്. കോളജിന്‍റെ ചരിത്രത്തിലാദ്യമായാണ് പ്രിന്‍സിപ്പളയായി ഒരു വനിതയെത്തുന്നത്. മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കിയ ആയിഷ സ്വപ്ന  2008ലാണ് ഫാറൂഖ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറായെത്തുന്നത്. അന്നുതൊട്ട് അവര്‍ കുട്ടികള്‍ക്ക് പ്രിയങ്കരിയാണ്.

1948ല്‍ സ്ഥാപിതമായ ഫാറൂഖ് കോളജില്‍ ഒരു പെണ്‍കുട്ടി ആദ്യമായി പഠിക്കാനെത്തിയത് ഒന്‍പതുവര്‍ഷത്തിന് ശേഷമാണ്. എന്നാല്‍ ഇന്ന് 75 ശതമാനത്തിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന കാമ്പസാണ് ഫാറൂഖ് കോളജിലേത്. 

Farooq College will be ruled by a woman principal.