ഹോട്ടല്‍ മാലിന്യം ചെറുപുഴയില്‍ തള്ളി; കുടിവെള്ളം മുട്ടി നാട്ടുകാര്‍

മലപ്പുറം പെരിന്തൽമണ്ണയില്‍ ഹോട്ടലുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം കരാറുകാരന്‍ കടലുണ്ടിപ്പുഴയുടെ കൈവഴിയിൽ തള്ളി. ഒട്ടേറെ ശുദ്ധജല പദ്ധതികള്‍ക്കായി വെളളം പമ്പു ചെയ്യുന്ന രാമപുരം ചെറുപുഴയാണ് മലീമസമായത്. ശനിയാഴ്ച പുലർച്ചെയാണ് പെരിന്തൽമണ്ണയിലെ ഹോട്ടലിൽ നിന്ന് ശേഖരിച്ച മാലിന്യം പുഴയില്‍ തള്ളിയത്. പ്രദേശത്തെ സിസിടിവി പരിശോധിച്ച നാട്ടുകാർ മാലിന്യവുമായെത്തിയ വാഹനം തിരിച്ചറിഞ്ഞു. മാലിന്യത്തിൽ കണ്ട ബില്ലിൽ നിന്ന് ഹോട്ടല്‍ തിരിച്ചറിഞ്ഞതോടെ പഞ്ചായത്തിൽ വിവരമറിയിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസിന് പരാതി നൽകി. പുഴയോട് ചേർന്ന് ജലനിധി പദ്ധതിയുടെ പത്തിലധികം കിണറുകളുണ്ട്. കുടിവെള്ളം മുട്ടിയതിന്‍റെ  അമർഷത്തിലാണ് നാട്ടുകാർ. പ്രദേശത്താകെ ദുര്‍ഗന്ധമാണ്. 

Hotel waste dumped in Cherupuzha