'നമുക്കുള്ള വഴി എവിടെ തുറക്കും' കനിവ് തേടി ഒരു ഊര്

സ്വന്തം കൂരയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ സ്വകാര്യ വ്യക്തി കനിയണമെന്ന അവസ്ഥയില്‍ മുപ്പത്തി ആറ് കുടുംബങ്ങള്‍. പാലക്കാട് നഗരസഭയിലെ വെണ്ണക്കര പാറക്കുളം പട്ടികജാതി കോളനിയിലുള്ളവര്‍ക്കാണ് ഈ ഗതികേട്. കാല്‍നട യാത്രയ്ക്കുള്ള സൗകര്യം പോലുമില്ലാെത ചതുപ്പ് ഭൂമിയിലാണ് ഇവരുടെ ദുരിതജീവിതം. 

രോഗികളെ തോളിലെടുത്ത് നീങ്ങിയാലും അവശേഷിക്കുന്നൊരു ചോദ്യമുണ്ട്. ഏത് വഴി രോഗിയെ ആശുപത്രിയിലെത്തിക്കും. വെണ്ണക്കര പട്ടികജാതി കോളനിയിലെ മുപ്പത്തി ആറ് കുടുംബങ്ങള്‍ എട്ട് വര്‍ഷത്തിലേറെയായി പരസ്പരം ചോദിക്കുന്നതാണിത്. 'നമുക്കുള്ള വഴി എവിടെ തുറക്കും'. 

ഭൂമി വാങ്ങാന്‍ സെന്റിന് ഒരു ലക്ഷം രൂപ നല്‍കിയ നഗരസഭയെ വഴിയില്ലാത്ത ചതുപ്പ് ഇരട്ടി വിലയില്‍ വാങ്ങി ഭൂമാഫിയ കബളിപ്പിച്ചുവെന്നാണ് ആക്ഷേപം. മാനത്ത് മഴക്കാറ് കണ്ടാല്‍ ചെളിയില്‍ നീന്താതെ ഇവര്‍ക്ക് വീടിന് പുറത്തിറങ്ങാനാവില്ല.

സ്വകാര്യ വ്യക്തിയുടെ ഔദാര്യത്തിലാണ് നിലവിലെ യാത്ര. സാങ്കേതികത്വം എന്തായാലും കിട്ടിയ മണ്ണില്‍ വേരുറപ്പിക്കാന്‍ ഇവര്‍ക്ക് വഴിയൊരുങ്ങണം. സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണം. പാവങ്ങളുടെ ആവശ്യം ന്യായമാണ്.