കാറ്റിലും മഴയിലും വയനാട്ടിൽ വ്യാപക കൃഷിനാശം

ശക്തമായ മഴയിലും കാറ്റിലും വയനാട്ടിൽ വ്യാപക കൃഷിനാശം. ബത്തേരി കട്ടയാട്, താളൂര്‍, പാമ്പള, കരടിപ്പാറ എന്നീ പ്രദേശങ്ങളിലായി ആയിരക്കണക്കിന് വാഴകളാണ് നിലംപൊത്തിയത്. വായ്പയെടുത്ത് ചെയ്ത കൃഷി നശിച്ചതോടെ ഭൂരിഭാഗം കർഷകരും കടക്കെണിയിലാണ്.

കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും കട്ടയാട് സ്വദേശി കുഞ്ഞികൃഷ്ണന്റെ 1200 വാഴകളാണ് നശിച്ചത്. വീടിനോടു ചേർന്നുള്ള  സ്വന്തം ഭൂമിയിലും  പാട്ടത്തിനെടുത്ത സ്ഥലത്തുമായിരുന്നു കൃഷി. വിളവെടുപ്പിന് പാകമെത്തിയ വാഴകളാണ് നിലംപതിച്ചത്. 

താളൂര്‍, പാമ്പള, കരടിപ്പാറ പ്രദേശങ്ങളിൽ  ആയിരത്തിലധികം വാഴകൾ ഒടിഞ്ഞുവീണു. കരടിപ്പാറ സ്വദേശി  ലത്തീഫിന്റെ ഒരു വാഴ പോലും ബാക്കിയില്ല.  താളൂർ സ്വദേശി അനന്തന്റെ 250 വാഴകളില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് വാഴകൾ മാത്രം.കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന്  കർഷകർ പറയുന്നു. 

Widespread crop damage in Wayanad due to heavy rain and wind