പാടശേഖരം വെള്ളത്തിലാക്കി പാലം; പ്രതിസന്ധിയാവുന്നത് ഊര്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ്

രണ്ടര പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച കോഴിക്കോട് ഊര്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് വെള്ളത്തിലാക്കിയത് നാന്നൂറ് ഹെക്ടറിലധികം പാടശേഖരമാണ്. വെള്ളം വറ്റിച്ച് പാടം കൃഷിയോഗ്യമാക്കാന്‍ പദ്ധതികള്‍ പലത് വന്നുവെങ്കിലും വെള്ളക്കെട്ടിന് മാത്രം ശമനമില്ല.

ജലസേചനത്തിനായി ചാലിയാറിനു കുറുകെ ഊര്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചതോടെയാണ് പള്ളിയോളിലും കല്‍പള്ളിക്കും തെങ്ങിലക്കടവിനും ഇടയിലുള്ള പാടശേഖരങ്ങളത്രയും വെള്ളത്തിലായത്. വര്‍ഷം മൂന്ന് തവണ കൃഷിയിറക്കിയിരുന്ന പാടങ്ങളില്‍ അതോടെ കൃഷി മുടങ്ങി. വെള്ളം വറ്റിച്ച് സ്ഥലം കൃഷിയോഗ്യമാക്കാന്‍ അന്നുമുതല്‍ പദ്ധതികള്‍ പലത് പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല.

കുട്ടനാടന്‍ രീതിയായ പെട്ടി പറ സമ്പ്രദായത്തിലൂടെ വെള്ളം വറ്റിക്കാന്‍ ശ്രമം നടന്നെങ്കിലും ലക്ഷ്യം കണ്ടില്ല. കല്‍പ്പള്ളി തോട്ടില്‍ തടയിണ സ്ഥാപിച്ചു നടത്തിയ പരീക്ഷണവും പ്രതീക്ഷിച്ച ഗുണം നല്‍കിയില്ല. വിവിധ വകുപ്പുകള്‍ വ്യത്യസ്ത പദ്ധതികളുമായി എത്തിയെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയാണ്. ഏറ്റവുമൊടുവില്‍ നെല്‍കൃഷി പ്രോത്സാഹിപ്പിക്കാനായി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു പഠനം നടത്തിയിരുന്നു. ഇതെങ്കിലും ഫലം കാണുമോയെന്നാണ് ഏറെ പ്രതീക്ഷയോടെ കര്‍ഷകര്‍ ഉറ്റുനോക്കുന്നത്.