കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐയുടെ പിരിവ് അനധികൃതമെന്ന് പരാതി

കലോല്‍സവത്തിന്‍റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ അനധികൃത പിരിവ് നടത്തുന്നുവെന്ന ആരോപണവുമായി എംഎസ്എഫ് നേതൃത്വം. മലപ്പുറം ജില്ലയിലെ കോളജുകളില്‍ നിന്ന് 1000 രൂപ വീതവും കോഴിക്കോട് ജില്ലയില്‍ 2000 രൂപ വീതവും പിരിച്ചെടുക്കുന്നതിന് എതിരെയാണ് പ്രതിഷേധം ഉയരുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ കലോല്‍സവം അടക്കമുളള പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിദ്യാര്‍ഥികളില്‍ നിന്ന് മുന്‍കൂട്ടി പിരിച്ചെടുക്കുന്ന ഒരു കോടിയിലധികം രൂപ സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുന്നുണ്ട്. ഈ തുകക്ക് പുറമെ ഒാരോ കോളജ് യൂണിയനില്‍ നിന്നും വീണ്ടും അനധികൃതമായി പിരിവ് നടത്തുന്നത് എന്തിനാണന്നാണ്  എംഎസ്എഫ് ചോദ്യം ഉന്നയിക്കുന്നത്. 

പിരിവിനെക്കുറിച്ച് സര്‍വകലാശാല ഡീനിനെ പരാതി അറിയിച്ചെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം.

എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കലോല്‍സവങ്ങള്‍ക്ക് കോളജ് യൂണിയനുകളില്‍ നിന്ന് തികയാതെ വരുന്ന പണം പിരിച്ചെടുക്കാറുണ്ടെന്നാണ് സര്‍വകലാശാല യൂണിയന്‍റെ വിശദീകരണം.