വയനാടന്‍ ഗ്രാമങ്ങളിലൂടെ സ്വപ്നപാത; നിലമ്പൂര്‍–നഞ്ചന്‍കോട് റെയില്‍പാത സ്ഥലനിര്‍ണയ സര്‍വേക്ക് തീരുമാനം

നിലമ്പൂര്‍–നഞ്ചന്‍കോട് റെയില്‍പാതയുടെ സ്ഥലനിര്‍ണയ സര്‍വേ നടത്താനുള്ള റെയില്‍വേ ബോര്‍ഡിന്‍റെ തീരുമാനത്തില്‍ പ്രതീക്ഷയിലാണ് വയനാട്. ചുരം കയറിയെത്തി വയനാടന്‍ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന റെയില്‍പാതയ്ക്ക് വേണ്ടി ഒരു ജനത വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്. പാത യാഥാർഥ്യമായാൽ കൊച്ചിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രാ സമയവും കുറയും. 

.നിലമ്പൂര്‍ മുതല്‍ നഞ്ചന്‍കോട് വരെ നീളുന്ന സ്വപ്ന പാതയ്ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്. കൊച്ചി– ബെംഗളൂരു നഗരങ്ങൾ തമ്മില്‍ ഇടനാഴിയാകുന്ന റെയില്‍പാതയുടെ അന്തിമ സ്ഥലനിർണയ സർവേ നേരിട്ട് നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. 5.9 കോടി രൂപയാണ് സർവേയ്ക്കായി അനുവദിച്ചത്.  7 മാസത്തിനുള്ളിൽ സ്ഥലനിർണയം പൂർത്തിയാക്കുമെന്നാണ് സൂചന. ചുരം കയറിയെത്തി വയനാട്ടിലൂടെ കടന്നുപോകുന്ന റെയില്‍പാത ജില്ലയുടെ സ്വപ്ന പദ്ധതിയാണ്. നീലഗിരി–വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി ഉള്‍പ്പടെയുള്ളവര്‍ റെയില്‍പാതയ്ക്ക് വേണ്ടി ജനകീയ സമരങ്ങള്‍ നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ദൂരം വലിയ തോതിൽ കുറയും എന്നതാണ് പാതയുടെ സവിശേഷത. വയനാട് അതിർത്തി മുതലുള്ള ബന്ദിപ്പൂർ വനമേഖലയിൽ തുരങ്ക പാതയായിരിക്കും. അതിനാൽ പാരിസ്ഥിതിക തടസ്സങ്ങൾ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ.  2016 ലെ കേന്ദ്ര റെയിൽ ബജറ്റിലാണ് നഞ്ചൻകോട്– നിലമ്പൂർ പാതയ്ക്ക് അനുമതി നൽകിയത്. സംയുക്ത സംരഭമായി നടപ്പാക്കാൻ കേന്ദ്രവും കേരളവും തമ്മിൽ  കരാറിൽ ഒപ്പിട്ടു. എന്നാല്‍ ഡിപിആര്‍ തയ്യാറാക്കുന്നത് ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍ പാതിവഴിയില്‍ നിലയ്ക്കുകയാണ് ഉണ്ടായത്.