മദ്യലഹരിയില്‍ പനയുടെ മുകളില്‍ കയറി തെങ്ങുകയറ്റ തൊഴിലാളി

മദ്യലഹരിയില്‍ പനയുടെ മുകളില്‍ കയറിയ തെങ്ങുകയറ്റ തൊഴിലാളി തിരിച്ചിറങ്ങാന്‍ കഴിയാതെ ഓലകള്‍ക്കിടയില്‍ കുടുങ്ങി. പൊള്ളാച്ചി ആനമലയിലാണ് ശെമ്മനത്തി സ്വദേശി ലക്ഷ്മണന്‍ ഏറെ നേരം നാട്ടുകാരെ ആശങ്കയിലാക്കിയത്. അഗ്നിശമനസേനയുടെ ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തൊഴിലാളിയെ താഴെയിറക്കിയത്. 

പൊള്ളാച്ചി കോട്ടൂർ റോഡിൽ ചിന്നാംപാളയം ഭാഗത്താണ് നൂറ്റി ഇരുപതടി ഉയരമുള്ള പനയുടെ മുകളില്‍ തൊഴിലാളി കയറിയത്. വേഗത്തില്‍ മരം കയറുന്ന ലക്ഷ്മണന്‍ പതിവിലേറെ തിടുക്കത്തില്‍ പനയുടെ മുകളിലെത്തിയത് മദ്യലഹരിയിലെന്നാണ് മൊഴി. പനയുടെ മുകളിലെത്തിയിട്ടും ബാക്കിയുണ്ടായിരുന്ന മദ്യം അകത്താക്കി. പിന്നീട് താഴേക്കിറങ്ങാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും കഴിയുന്നുണ്ടായിരുന്നില്ല. പനയുടെ മുകളില്‍ ലക്ഷ്മണന്‍ കുടുങ്ങിയ വിവരം നാട്ടുകാര്‍ അഗ്നിശമനസേനയെ അറിയിച്ചു. ഉദ്യോഗസ്ഥരെത്തി കയര്‍ െകട്ടി ആളെ താഴെയെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീടാണ് ക്രെയിനെത്തിച്ച് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഒരു മണിക്കൂറിന് ശേഷം ലക്ഷ്മണനെ സുരക്ഷിതമായി താഴെയിറക്കി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മദ്യത്തിന്റെ കെട്ട് വിട്ടുപോകാത്ത സ്ഥിതിയിലായിരുന്നു. പനയില്‍ നിന്നും താഴെയിറക്കിയ ലക്ഷ്മണനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരമറിഞ്ഞ് നിരവധിപേരാണ് ചിന്നാംപാളയം ഭാഗത്ത് എത്തിയിരുന്നത്.