കോഴിക്കോട് നഗരത്തില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും ‌അടഞ്ഞു കിടക്കുന്ന വനിത ഹോസ്റ്റലുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നു. പലതവണ ടെന്‍ഡര്‍ വിളിച്ചിട്ടും ആരും ഏറ്റെടുക്കാതിരുന്ന റെയില്‍വേ സ്റ്റേഷന് സമീപത്തെ ഷീ ലോഡ്ജ് വനിത ശിശുവികസന വകുപ്പ് ഏറ്റെടുക്കും. മാങ്കാവിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നേരിട്ട് നടത്താനാണ് കോര്‍പറേഷന്റെ തീരുമാനം. 

ഒന്നരവര്‍ഷം മുന്‍പാണ് കോര്‍പറേഷന്‍ നാലരക്കോടി രൂപ മുടക്കി നിര്‍മിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തത്. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തില്‍ 125 പേര്‍ക്കുള്ള താമസസൗകര്യമാണുള്ളത്. യാത്രക്കാരായ സ്ത്രീകള്‍ക്ക് സുരക്ഷിതമായി തങ്ങാനൊരിടം എന്നതായിരുന്നു പദ്ധതി. എന്നാല്‍ നടത്തിപ്പിനായി പലരെയും സമീപിച്ചിട്ടും ആരും ഏറ്റെടുക്കാതിരുന്നത് തിരിച്ചടിയായി. തുടര്‍ന്ന് കോര്‍പറേഷന്‍ ലേലം നടത്തി. ലേലത്തിലും യോഗ്യരായവരെ കിട്ടാതായതോടെയാണ് നടത്തിപ്പിനായി വനിത ശിശുവികസന വകുപ്പിനെ സമീപിച്ചിരിക്കുന്നത്. 

മാങ്കാവിലെ ഹൈമവതി തായാട്ട് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തിപ്പ് കോര്‍പറേഷന്‍ വഹിക്കും. മാസം 2000 രൂപ നിരക്കില്‍ ഇവിടെ താമസ സൗകര്യം ലഭ്യമാക്കും. നാലുകോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 75 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്. ഷീ ലോഡ്ജ് വനിതശിശു വികസന വകുപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലായാല്‍  ഇരു ഹോസ്റ്റലുകളും ഉടന്‍ തുറക്കാമെന്ന പ്രതീക്ഷയിലാണ് കോര്‍പറേഷന്‍.

In Kozhikode city, women's hostels, which are closed even after inauguration, are being opened