തിരുനെല്ലിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

വയനാട് തിരുനെല്ലി കൂപ്പ് കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പഞ്ചായത്ത് നിർമ്മിച്ചു നൽകിയ കിണർ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. സമീപത്തെ കാട്ടരുവിയിലെ വെള്ളത്തെ ആശ്രയിച്ചാണ് ഇരുപത്തിയഞ്ചോളം ആദിവാസി കുടുംബങ്ങളുടെ ജീവിതം .

തിരുനെല്ലി പഞ്ചായത്തിലെ രണ്ടാം ഗേറ്റ് കൂപ്പു കോളനിയിൽ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഇരുപത്തിയഞ്ചോളം കുടുംബങ്ങളുണ്ട്. കുടിവെള്ള ക്ഷാമത്തിൽ വലയുകയാണ് ഈ ജനങ്ങൾ. പഞ്ചായത്ത് കിണർ നിർമ്മിച്ചിട്ടും ഫലമുണ്ടായില്ല. 15 അടിയോളം താഴ്ചയുള്ള കിണറിന്റെ  അടിഭാഗത്ത് പാറയാണ്. ഇതോടെ  ആവശ്യത്തിന് വെള്ളം ലഭിക്കാതെ കിണർ ഉപയോഗ ശൂന്യമായി. സമീപത്തെ കാട്ടരുവിയിൽ നിന്നും എടുക്കുന്ന വെള്ളമാണ് ആകെയുള്ള ആശ്രയം.

കാടിനോട് ചേർന്ന പ്രദേശമായതിനാൽ വന്യമൃഗങ്ങളെ ഭയന്നാണ് വെള്ളമെടുക്കുന്നത്. കോളനിയിലേക്ക് കുടിവെളളമെത്തിക്കാൻ അധികൃതർ ഇടപെടണമെന്നാണ് ആവശ്യം. ഇനിയും അവഗണന തുടർന്നാൽ പ്രതിഷേധത്തിലേക്ക് കടക്കാനാണ് കോളനിക്കാരുടെ തീരുമാനം.