കോഴിക്കോട് പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി ഭൂമി ഏറ്റെടുത്തവര്‍ക്ക് വാഗ്ദാനം ചെയ്ത വില നല്‍കിയില്ലെന്ന് ആക്ഷേപം. വില കുറച്ചതില്‍ പ്രതിഷേധിച്ച് ഡപ്യൂട്ടി കലക്ടറെ പെരുമണ്ണ നിവാസികള്‍ ഉപരോധിച്ചു. പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന എഡിഎമ്മിന്‍റെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ഒടുവില്‍ സമരം അവസാനിപ്പിച്ചു.

വാഗ്ദാനം ചെയ്ത വിലയുടെ മൂന്നിലൊന്ന് പോലും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെരുമണ്ണ നിവാസികളുടെ ഈ പ്രതിഷേധം. ആദ്യ ഉത്തരവ് പ്രകാരം നല്‍കാമെന്നേറ്റ തുക നല്‍കുകയോ അല്ലെങ്കില്‍ ഏറ്റെടുത്ത ഭൂമി തിരിച്ചേല്‍പ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡപ്യൂട്ടി കലക്ടര്‍ പി.എസ്. ലാല്‍ചന്ദിനെ ഉപരോധിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ എഡിഎം ഇടപെട്ടു.  

ഏറെനേരം നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ പഴയ ഉത്തരവ് പ്രകാരമുള്ള തുക നല്‍കുമെന്ന് എഡിഎം സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.

Palakkad greenfield highway land acquisition