പട്ടാമ്പിയിൽ അനധികൃത കരിങ്കൽ ക്വാറി; റവന്യൂ വകുപ്പിന്റെ പരിശോധന

പട്ടാമ്പിയിലെ അനധികൃത കരിങ്കല്‍ ക്വാറികളില്‍ റവന്യൂ വകുപ്പിന്റെ പരിശോധന. എഴുപത്തി രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു നടപടി. 

പട്ടാമ്പി താലൂക്കില്‍ ഓങ്ങല്ലൂര്‍ വില്ലേജിലായിരുന്നു പരിശോധന. വില്ലേജ് ഓഫിസറുടെ സ്റ്റോപ്പ് മെമ്മോയും ജിയോളജി വകുപ്പിന്റെ വിലക്കും അവഗണിച്ചുള്ള കരിങ്കല്‍ ഖനനമാണ് റവന്യൂ സംഘം തടഞ്ഞത്. രാവിലെ തുടങ്ങിയ പരിശോധനയില്‍ എഴുപത്തി രണ്ട് വാഹനങ്ങള്‍ പിടികൂടി. ഒറ്റപ്പാലം സബ് കലക്ടറുടെയും പട്ടാമ്പി തഹസില്‍ദാരുടെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പരിശോധന. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ നടപടി വൈകുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ നേരിട്ട് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയായിരുന്നു. അവധി ദിവസങ്ങളുടെ മറവില്‍ കൂടുതല്‍ അളവില്‍ ഖനനം നടത്താനുള്ള ശ്രമങ്ങള്‍ തുടര്‍ പരിശോധനയിലൂടെ തടയുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിച്ചു.