ഒറ്റപ്പാലത്ത് കാട്ടു പന്നികളെ കൂട്ടത്തോടെ വെടിവച്ചു കൊന്നു

ഒറ്റപ്പാലത്ത് നാട്ടുകാർക്കും കാർഷിക മേഖലയ്ക്കും  ഭീഷണിയായി മാറിയ കാട്ടു പന്നികളെ കൂട്ടത്തോടെ വെടിവച്ചു കൊന്നു. 18 മണിക്കൂറിനിടെ 74 പന്നികളെയാണ് വനം വകുപ്പ് നിയോഗിച്ച ദൗത്യസംഘം കൊന്നത്.  സംസ്ഥാനത്ത് ചുരുങ്ങിയ സമയത്തിനകം ഇത്രയും പന്നികളെ കൊന്നത് ആദ്യമാകുമെന്നാണു വിലയിരുത്തൽ. 

ഈസ്റ്റ് ഒറ്റപ്പാലം, തോട്ടക്കര, കണ്ണിയംപുറം, പനമണ്ണ, വരോട് പ്രദേശങ്ങളിലായിരുന്നു രാത്രിയും പകലും നീണ്ട പന്നിവേട്ട. ഷൂട്ടർമാർ ഉൾപ്പെടെ വനം വകുപ്പ് നിയോഗിച്ച മുപ്പതോളം പേർ ദൗത്യത്തിൽ കണ്ണികളായി. ജനപ്രതിനിധികളും നാട്ടുകാരും സഹായങ്ങളുമായി ഒപ്പം ചേർന്നു. 

കണ്ണിയംപുറത്ത് കഴിഞ്ഞ ദിവസം പന്നി കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരനു പരുക്കേറ്റിരുന്നു. മദ്രസയിലേക്ക് പോയിരുന്ന വിദ്യാർഥിയെ ആക്രമിച്ചതു മാസങ്ങൾക്കു മുൻപ്.  പന്നിക്കൂട്ടം കൃഷിയിടങ്ങളിൽ വ്യാപകമായി വിള നശിപ്പിക്കുന്നതും പതിവ്.

നഗരസഭാ കൗൺസിലർമാരുടെയും നാട്ടുകാരുടെയും നിരന്തര പരാതിയെ തുടർന്നായിരുന്നു നടപടി. വെടിവച്ചു കൊന്ന പന്നികളുടെ ജഡങ്ങൾ  പിന്നീടു നഗരസഭയുടെ നേതൃത്വത്തിൽ സംസ്കരിച്ചു.