പണി പാതിവഴിയില്‍; കരാറുകാരന്‍ മുങ്ങി; പാറക്കടവ് ചെക്യാട് യാത്ര ദുസഹം

പണി പാതിവഴിയില്‍ നിര്‍ത്തി കരാറുകാരന്‍ മുങ്ങിയതോടെ വടകര താലൂക്കിലെ പാറക്കടവ് ചെക്യാട് റോഡിലൂടെയുള്ള യാത്ര ദുസഹമായി. മൂന്നേകാല്‍കോടി രൂപയാണ് റോഡിന്റ നവീകരണത്തിനായി അനുവദിച്ചിരുന്നത്

വെള്ളക്കെട്ടും ചെളിയും കാരണം നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാദപുരം നിയോജക മണ്ഡലത്തിലെ പാറക്കടവ് ചെക്യാട് റോഡ്. ഇത് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരം തുടങ്ങിയിട്ടും വര്‍ഷങ്ങളായി.മഴക്കാലത്ത് തോണിയിറക്കി വരെ പ്രതിഷേധിച്ചു. ഇതെത്തുടര്‍ന്നാണ് 3.25 കോടി രൂപ അനുവദിച്ചത്.പണി തുടങ്ങിയെങ്കിലും പത്ത് ശതമാനം പോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല .

കലുങ്ക് പണിയും  ഓവുചാലിന് വേണ്ടി കുഴിയെടുക്കുന്നതും പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കരാറുകാരനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പ് ഒാഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. മലയോര മേഖലയെ കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.