ശമ്പള കുടിശ്ശിക നൽകും; സമരം അവസാനിപ്പിച്ച് മണ്ണാർക്കാട് എംഇടി സ്കൂളിലെ അധ്യാപകർ

മണ്ണാർക്കാട് എംഇടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരുടെ രണ്ട് ദിവസത്തെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു. കോവിഡ് കാലത്ത് കുറച്ച ശമ്പള കുടിശ്ശിക അടുത്തമാസം മുപ്പത്തി ഒന്നിന് മുന്‍പായി നല്‍കുമെന്ന മാനേജ്മെന്റിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നാല്‍പ്പതിലധികം അധ്യാപകരും മുപ്പതിലധികം അനധ്യാപകരുമാണ് സമരത്തിലുണ്ടായിരുന്നത്. 

കോവിഡ് കാലത്ത് കുറവു വരുത്തിയ പതിനഞ്ച് ശതമാനം ശമ്പള കുടിശിഖ നൽകാൻ മാനേജ്മെന്റ് തയാറാവുന്നില്ലന്ന് ആരോപിച്ചാണ് അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ളവർ സ്കൂളിൽ രാത്രി താമസിച്ച് പ്രതിഷേധിച്ചത്. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ പ്രതിഷേധം ഇന്നലെ വൈകീട്ടോടെയാണ് അവസാനിച്ചത്. പ്രതിഷേധം തുടങ്ങി ഒരുദിവസം പിന്നിട്ടപ്പോഴാണ് മനേജ്മെന്റെ് പ്രതിനിധികള്‍ സ്കൂളിലെത്തി അധ്യാപകരുമായി ചര്‍ച്ച നടത്തിയത്. ഒക്ടോബർ 31 ന് മുൻപ് സാധ്യമായ വിധത്തിൽ കോവിഡ് കാലത്ത് കുറവ് വരുത്തിയ തുക മടക്കിനല്‍കുമെന്ന് ഉറപ്പ് നല്‍കി. കുടിശിഖ നൽകുമെന്ന് പറയുന്നതിൽ വ്യക്തത വരുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

എത്ര തുക നല്‍കാന്‍ കഴിയുമെന്നത് വരവ് കൂടി നോക്കി മാത്രമേ പറയാനാകൂ എന്ന് മാനേജ്മെന്റെ‌് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷണ നടപടികൾ ഉണ്ടാവില്ലന്നും തീരുമാനമായി. മാനേജ്മെന്റിന്റെ ഉറപ്പ് വിശ്വസിച്ച് പ്രതിഷേധത്തിൽ നിന്ന് പിൻമാറുകയാണെന്ന് ജീവനക്കാർ പറഞ്ഞു. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നപരിഹാര ചര്‍ച്ചയില്‍ പങ്കെടുത്തു.