ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സര്‍വേ നടപടികള്‍ക്ക് മലപ്പുറം ജില്ലയില്‍ തുടക്കം

കോഴിക്കോട്... പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സര്‍വേ നടപടികള്‍ക്ക് മലപ്പുറം ജില്ലയില്‍ തുടക്കം. അരീക്കോടിനടുത്ത് ചെമ്പാപറമ്പില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്. ഉയര്‍ന്ന നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമിയും വീടും നഷ്ടമാകുന്ന കുടുംബങ്ങള്‍ രംഗത്തുണ്ട്. 

ഭാരത് മാല പദ്ധതിയുടെ ഭാഗമായി 121 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ 52. 9 കിലോമീറ്റര്‍ മലപ്പുറം ജില്ലയിലൂടെയാണ് കടന്നു പോവുന്നത്. കോഴിക്കോട് പന്തീരങ്കാവ് ബൈപ്പാസില്‍ നിന്ന് മലപ്പുറം ജില്ലയിലെ വാഴയൂര്‍, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂര്‍, കാവനൂര്‍, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂര്‍, പോരൂര്‍, ചെമ്പ്രശേരി, വെട്ടിക്കാട്ടിരി, തുവ്വൂര്‍, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെയാണ് കടന്നു പോവുന്നത്. 

45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുളള സര്‍വേയാണ് ആരംഭിക്കുന്നത്. കഴിയുന്നത്ര ജനവാസ മേഖലയെ ഒഴിവാക്കിയാണ് പാത കടന്നു പോവുന്നത്. ഭൂമിയും വീടും നഷ്ടമാകുന്നവര്‍ക്ക് ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നല്‍കിയ ഉയര്‍ന്ന തുക ലഭ്യമാക്കണമെന്നാണ് ആവശ്യം.

ഏറെ വെല്ലുവിളികളെ അതിജീവിച്ച് എന്‍എച്ച് 66  ന്‍റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ഡെപ്യൂട്ടി കലക്ടര്‍ ജെഒ അരുണിനാണ് ചുമതല. ദേശീയപാതയുടെ എറണാകുളം ജില്ലയിലെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജെഒ അരുണ്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ജില്ലയിലെ ചുമതല ഏറ്റെടുത്തത്. മൂന്നു ജില്ലകളിലായി 547 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. മലപ്പുറം ജില്ലയില്‍ 304.6 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുളളത്.