'തെളിനീരൊഴുകും നവകേരളം'; യജ്ഞത്തിന് തുടക്കമിട്ട് എടവക ഗ്രാമപഞ്ചായത്ത്

ഹരിത കേരളം മിഷന്റെ തെളിനീരൊഴുകും നവകേരളം യജ്ഞത്തിന് തുടക്കമിട്ട് വയനാട്ടിലെ എടവക ഗ്രാമപഞ്ചായത്ത്. കമ്മന നഞ്ഞോത്ത് നീര്‍ച്ചാല്‍ ശുചീകരിച്ച് കയര്‍ ഭൂവസ്ത്രം വിരിച്ചുതുടങ്ങി. ഒരു കോടി രൂപ ചെലവഴിച്ചാണ് പ്രവര്‍ത്തികള്‍. എടവക ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന പുഴയോരങ്ങളിലും ഇരുന്നൂറോളം പൊതു കുളങ്ങളിലും തോടുകളിലും നീര്‍ച്ചാലുകളിലുമാണ് ശുചീകരണ പ്രവര്‍ത്തകള്‍ നടക്കുന്നത്. 

ജലസ്രോതസുകള്‍ ശുചീകരിച്ച് അവശ്യമായിടങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുകയാണ്. പുഴയൊരങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിനായി ഈറ്റയും മുളയും മറ്റ് അനുയോജ്യമായ വൃക്ഷത്തൈ നട്ടുപ്പിടിപ്പിക്കയുമാണ് ചെയ്യുന്നത്. യുവ തലമുറയ്ക്ക് ആവശ്യമായ ജലവും മണ്ണും ജൈവ സമ്പത്തും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് അധികൃതര്‍.

തുടര്‍ പരിപാലനം, ഗ്രാമസഭകളിലൂടെ ആവശ്യമായ ബോധവത്കരണം, ജലാശയ സംരക്ഷണ സമിതികളുടെ രൂപീകരണം എന്നിവയെല്ലാം യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കും. ജലഗുണനിലവാര കിറ്റുകളും വാര്‍ഡ് സമിതികള്‍ക്ക് നല്‍കാനാണ് പദ്ധതി.