അജ്മീർഷാ ബോട്ട് ആഴക്കടലിൽ കാണാതായിട്ട് ഒരു വർഷം; പ്രിയപ്പെട്ടവരെ കാത്ത് ഉറ്റവർ

കോഴിക്കോട്ടെ ബേപ്പൂര്‍ തുറമുഖത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയ അജ്മീര്‍ഷാ ബോട്ട് ആഴക്കടലില്‍ കാണാതായിട്ട് ഒരു വര്‍ഷം. 12 തമിഴ്നാട്ടുകാരും നാല് ബംഗാളികളും അടക്കം 16 തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. ഒരു തെളിവുപോലും ബാക്കിവയ്ക്കാതെയായിരുന്നു തിരോധാനമെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. കടലാഴങ്ങളിലേക്ക് ഷുസംദീന്‍ കണ്ണുനട്ടിരിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷമായി. മേയ് അഞ്ചിനായിരുന്നു ഷംസുദീന്റേയും സുഹൃത്ത് നിസാറിന്റേയും ഉടമസ്ഥതയിലുള്ള അജ്മീര്‍ഷ ബോട്ട് ആഴക്കടലിലേക്ക് പോയത്.  

13ന് വൈകിട്ട് മംഗളൂരു തീരത്ത് നിന്ന് അറുപത് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് മറ്റുബോട്ടുകാര്‍ അവസാനമായി അജ്മീര്‍ഷാ ബോട്ടിനെ കണ്ടത്. ടൗട്ടേ ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാല്‍ മറ്റുള്ളവര്‍ തീരത്തേക്ക് മടങ്ങിയെങ്കിലും അവര്‍ അവിടെ തന്നെ തുടര്‍ന്നു.അര്‍ധരാത്രിയോടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ അജ്മിര്‍ ഷായും പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം

കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും ഡോണിയര്‍ വിമാനവും ഒരു മാസങ്ങളോളം തിരഞ്ഞു. അതിര്‍ത്തി ലംഘിച്ചതിന് ഏതെങ്കിലും രാജ്യം ബോട്ട് പിടിച്ചെടുത്തിരിക്കാനുള്ള സാധ്യതകളും മങ്ങി. അപ്പോഴും ഉറ്റവരായ 12 പേരുടെ  മടങ്ങിവരവിനായി കാത്തിരിക്കുകയാണ് തമിഴ്നാട് കുളച്ചലിലെ കൊട്ടില്‍പാട് ഗ്രാമം.