കോഴിക്കോട് വടകരയിൽ സ്ത്രീകൾക്കായി നിർമിച്ച ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ചു. 57 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിൽ ഒരേസമയം 24 പേർക്ക് താമസിക്കാം. കുടുംബശ്രീക്കാണ് ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. വടകര നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് രാത്രി കാലങ്ങളിൽ എത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ് നഗരസഭ ഷീലോഡ്ജ് നിര്‍മിച്ചത്. ഒക്ടോബറിൽ ഔദ്യോഗികമായി ഉദ്ഘാടനം കഴിഞ്ഞെങ്കിലും  കോവിഡ് മൂലം പ്രവർത്തനം ആരംഭിച്ചിരുന്നില്ല. റെയിൽവേ സ്റ്റേഷൻ , ബസ് സ്റ്റാന്റ് എന്നിവടങ്ങളിൽ നിന്ന് ലോഡ്ജിലേക്ക് എളുപ്പം എത്തി ചേരാം. രാത്രി കാലങ്ങളിൽ ഇതിനായി പ്രത്യേകം വാഹനസൌകര്യവും ഉണ്ടാകും.

വടകര പുതിയാപ്പയിലുള്ള ലോഡ്ജിൽ എസി, നോൺ എസി, ഡോർമെറ്ററി സംവിധാനങ്ങളിൽ റൂമുകൾ ലഭ്യമാകും. ഒരാൾക്ക് പരമാവധി രണ്ട് ദിവസം  താമസിക്കാം. സ്ത്രീകൾക്ക് പുറമേ 10 വയസിന് താഴെയുള്ള ആൺകുട്ടികൾക്കും പ്രവേശനം ഉണ്ടാകും. തുടക്കത്തിൽ അഞ്ച് മുറികൾ ഹോസ്റ്റൽ സംവിധാനത്തിൽ വാടകയ്ക്ക് നൽകാനാണ് തീരുമാനം.