വസ്തുവും വീടുമെന്ന ആവശ്യം; അംബേദ്കർ കോളനിയിലെ കുടുംബങ്ങൾ സമരത്തിൽ

വസ്തുവും വീടുമെന്ന വര്‍ഷങ്ങളായുള്ള ആവശ്യവുമായി പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ കുടുംബങ്ങള്‍ സമരത്തില്‍. മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടില്‍ കെട്ടി അനിശ്ചിതകാല സമരം തുടങ്ങിയത്. ജാതി വിവേചനത്തിനെതിരെ ശബ്ദിച്ചവരെന്ന് കണ്ട് ബോധപൂര്‍വം സഹായം വൈകിപ്പിക്കുന്നുവെന്നാണ് ഇവരുടെ പരാതി.  

അഞ്ച് സെന്റില്‍ കുറയാത്ത ഭൂമി. സുരക്ഷിതമായൊരു വീട്. കൂടുതലൊന്നും ഇവര്‍ക്ക് ആഗ്രഹമില്ല. ഒറ്റമുറി വീട്ടില്‍ പത്തിലധികമാളുകള്‍ കഴിയുന്നുണ്ട്. വാടക കൊടുക്കാന്‍ പലര്‍ക്കും സാമ്പത്തികമില്ലാത്തതും ഇവരെ പ്രതിസന്ധിയിലാക്കുന്നു.പ്രമാണിമാരുടെ ജാതിവെറിയെ ചോദ്യം ചെയ്ത് രംഗത്തിറങ്ങിയ പാരമ്പര്യമാണ് അംബേദ്കര്‍ കോളനിയിലെ കുടുംബങ്ങള്‍ക്കുള്ളത്. ഈ വൈരാഗ്യം സഹായം അനുവദിക്കുന്നതിന് തടസമാകുന്നുവെന്നാണ് ആക്ഷേപം.

മുപ്പത്തി എട്ട് കുടുംബങ്ങളും സഹായത്തിന് അര്‍ഹരാണെന്ന് കാട്ടി ജില്ലാഭരണകൂടവും വ്യത്യസ്ത സമയങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതെല്ലാം പഞ്ചായത്ത് ഭരണസമിതി അവഗണിക്കുന്നുവെന്നാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. രാത്രിയിലും തുടരുന്ന പ്രതിഷേധം അധികകാലം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന ഓര്‍മപ്പെടുത്തലാണ് സമരക്കാരുടേത്.