ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച കെട്ടിടം സമുച്ചയത്തില്‍ ഒടുവില്‍ സാമൂഹിക വിരുദ്ധരുടെ താവളമായി. കോഴിക്കോട് ചേളന്നൂരിലാണ് അഞ്ചുവര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടം പാതിവഴിയില്‍ ഉപേക്ഷനിലയില്‍ കിടക്കുന്നത്. ഉപഭോക്തൃവിഹിതമായി നല്‍കിയ വീട് കിട്ടാതായതോടെ പണം പലരും തിരിച്ചുവാങ്ങി.
സാഫല്യം ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി,അറുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റ ഉള്ളിലെ കാഴ്ചയാണിത്. ഗുണഭോക്താക്കള്‍ മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ കിടപ്പുമുറിയും ഹാളും അടുക്കളും ഉള്‍പ്പെടുന്ന ഫ്ലാറ്റ് കിട്ടും. 2013ല്‍ പണി തുടങ്ങിയപ്പോള്‍ ഒാരോരുത്തരില്‍ നിന്ന് അന്‍പതിനായിരം രൂപ വീതം വാങ്ങി. 2018ല്‍ ഏറെക്കുറെ പണി പൂര്‍ത്തിയായി. പക്ഷെ പിന്നെ ആരും തിരഞ്ഞുനോക്കിയില്ല. വെള്ളത്തിന്റെയും വൈദ്യുതിയുടെയും കണക്ഷനില്ല. ചുറ്റും കാടും നിറഞ്ഞു. മാത്രമല്ല ഫ്ലാറ്റില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് പകുതിയിലധികം പേരും പണം തിരിച്ചുവാങ്ങി .
രാത്രിയായാല്‍ ഈ വഴി നടക്കാന്‍ പോലുമാകാത്ത അവസ്ഥയാണന്ന് നാട്ടുകാര്‍. കെട്ടിടത്തിന്റ പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് പഞ്ചായത്തിന്റ വിശദീകരണം. ഇതിനായി എസ്റ്റിമേറ്റ് ഭവന നിര്‍മാണ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് എഞ്ചിനിയറിങ് വിഭാഗം പറയുന്നു.