ചെമ്മനാട് പഞ്ചായത്തിനെതിരെ അനിശ്ചിതകാല സമരവുമായി എൽഡിഎഫ്

യുഡിഎഫ് ഭരിക്കുന്ന കാസര്‍കോട്ടെ,, ചെമ്മനാട് പഞ്ചായത്തിനെതിരെ അനിശ്ചിതകാല സമരവുമായി എല്‍ഡിഎഫ്. പഞ്ചായത്ത് ഭരണത്തില്‍ കെടുകാര്യസ്ഥതയെന്നാരോപിച്ചാണ് എല്‍.ഡി.എഫ്. സമരം നടത്തുന്നത്. എന്നാല്‍,,, സമരം രാഷ്ട്രീയപ്രേരിതമെന്നാണ് യുഡിഎഫിന്‍റെ മറുപടി. 

സെപ്റ്റംബര്‍ ഒന്നുമുതല്‍ പഞ്ചായത്തോഫിസിന് മുന്‍വശം പന്തല്‍കെട്ടി സമരത്തിലാണ് ഇടത് പഞ്ചായത്ത് അംഗങ്ങള്‍. ആവശ്യങ്ങള്‍ ഇവയാണ്.. കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക സൗകര്യമൊരുക്കുക, പഞ്ചായത്തില്‍ പൊതുശ്മശാനവും മാലിന്യ സംസ്കരണ പ്ലാന്‍റും നിര്‍മിക്കുക, മറ്റ് വിവിധ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക.  കാസര്‍കോട് ജില്ലയിലെ എല്‍ഡിഎഫിന്‍റെ മുതിര്‍ന്ന നേതാക്കളാണ് ഓരോ ദിവസവും പ്രതിഷേധം ഉദ്ഘാടനം ചെയ്യാനെത്തുന്നത്. 

അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച മറയ്ക്കാനാണ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അനാവശ്യ സമരം നടത്തുന്നത് എന്നാണ് യുഡിഎഫിന്‍റെ മറുപടി. രാഷ്ട്രീയ പ്രേരിതവും പ്രതിഷേധാര്‍ഹവുമായ സമരമാണ് എല്‍ഡിഎഫ് നടത്തുന്നതെന്നും യുഡിഎഫ് നേതൃത്വം പറയുന്നു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ്.