ഉരുൾപൊട്ടൽ ഭീഷണി; ഉളിക്കല്‍ പഞ്ചായത്തിലെ കരിങ്കല്‍ ക്വാറികളില്‍ പരിശോധന

കണ്ണൂര്‍ ഉളിക്കല്‍ പഞ്ചായത്തിലെ വിവിധ കരിങ്കല്‍ ക്വാറികളില്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ക്വാറികള്‍ക്ക് സമീപം ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉളിക്കല്‍ പഞ്ചായത്തിലെ കോളിത്തട്ട്, പേരട്ട, അറബി മേഖലകളിലെ കിണറുകളില്‍ വെള്ളത്തിന്‍റെ നിറം മാറുകയും തോടുകളിലൂടെ ചെളിവെള്ളം ഒഴുകുന്നതും ശ്രദ്ധയില്‍പെട്ടു. ഇതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ പരാതി നല്‍കിയത്. പഞ്ചായത്ത് അധികൃതര്‍, വയത്തൂര്‍ വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥര്‍, ഉളിക്കല്‍ പൊലീസ് എന്നിവരടങ്ങിയ സംഘമാണ് ക്വാറികളില്‍ പരിശോധന നടത്തിയത്. ക്വാറികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ചില സ്ഥലങ്ങളില്‍ വിണ്ടുകീറിയതും ശ്രദ്ധയില്‍പെട്ടു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ക്വാറികള്‍ക്ക് നോട്ടിസ് നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധനയും മുന്നൊരുക്കങ്ങളും തുടരും. വിഡിയോ റിപ്പോർട്ട് കാണാം.