കുരങ്ങുശല്യം രൂക്ഷം; കൃഷി ചെയ്യാനാകാതെ കാസര്‍കോട്ടേ മടിക്കൈ പ്രദേശവാസികൾ

കുരങ്ങുശല്യം കാരണം കൃഷി സാധ്യമല്ലാത്ത അവസ്ഥയിലായിരിക്കുകയാണ് കാസര്‍കോട്ടേ മടിക്കൈ പ്രദേശം. ദിവസവും എത്തുന്ന കുരങ്ങന്‍മാര്‍ കാര്‍ഷിക വിളകൾ നശിപ്പിക്കുന്നതിനാല്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ് നൂറോളം വരുന്ന കുടുംബങ്ങള്‍. മടിക്കൈ പഞ്ചായത്തിലെ കിഴക്കേമൂല, പൊനക്കളം, പള്ളത്ത് വയൽ തുടങ്ങിയ പ്രദേശങ്ങളിലെ കർഷക കുടുംബങ്ങളാണ് കുരങ്ങൻമാർ കാരണം ദുരിതമനുഭവിക്കുന്നത്. 

കൂട്ടമായി എത്തുന്ന കുരങ്ങൻമാർ കാർഷിക വിളകളും, മറ്റ് ഫല വസ്തുക്കളുമെല്ലാം തിന്ന് നശിപ്പിക്കുന്നു. തേങ്ങകള്‍ പാകമെത്തും മുൻപ് വലിയ തോതില്‍ നശിപ്പിക്കുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്. കുരങ്ങന്‍മാരെ പിടികൂടി ഈ ദുരിതം അവസാനിപ്പിക്കണമെന്നാണ് മടിക്കൈയിലെ കര്‍ഷകരുടെ ആവശ്യം. 

കുരങ്ങുകൾ തുരന്ന് നശിപ്പിച്ച ഇളനീരുകൾ ഓരോ പറമ്പുകളിലും കാണാം. കാർഷിക വിളകളെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളെ പട്ടിണിയിലാഴ്ത്തുന്നതാണ് ഈ അവസ്ഥ.