മെട്രോ നഗരത്തിന്‍റെ ഹൃദയഭാഗത്ത് മൂന്നുപതിറ്റാണ്ടിലേറെയായി വെള്ളക്കെട്ടിന്‍റെ ദുരിതം പേറുന്ന ഒരു കൂട്ടരുണ്ട്. പെരുമാനൂര്‍ വരവുകാട്ട് റസിഡന്‍സ് അസോസിയേഷനിലെ മുതിര്‍ന്ന പൗരന്‍മാരാണ് ഇവര്‍.
ഇത്ര നിസഹായനാണ് ഈ അറുപത്തിയഞ്ചുകാരന്‍. മഴയോ വെള്ളക്കെട്ടോ മാത്രമല്ല ഇദ്ദേഹത്തെ ദുര്‍ബലനാക്കുന്നത്, ഹൃദ്രോഗിയായ ഭാര്യയുടെ പരിചരണമാണ് വലിയ ആശങ്ക. ഒരോ മഴക്കാലത്തും മുട്ടറ്റം വെ്ള്ളം നിറയുന്ന വീട്ടില്‍ നിന്ന് മുകളിലേക്ക് താമസം മാറ്റണം. 1962 ല്‍ കപ്പല്‍ശാലക്കായി സ്ഥലം നല്‍കിയതോടെ മാറിതാമസിക്കേണ്ടി വന്നവരാണ് ഇവര്‍. ഇങ്ങനെ പതിനഞ്ചോളം വീടുകള്‍ ഇവിടെയുണ്ട്.
അന്നിവിടെ ഉണ്ടായിരുന്ന തോട് അനധികൃതമായി നികത്തിയത് മുതലാണ് ഈ സ്ഥിതിയായതെന്ന് ആക്ഷേപമുണ്ട്. അങ്ങനെ വന്ന വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ അടക്കം വെള്ളത്തില്‍ കലര്‍ന്ന് വീടുകളിലെത്തും. കൊറോണ കാലത്ത് ക്യാമ്പുകളിലേക്ക് മാറിയാലുള്ള രോഗപ്പകര്‍ച്ചയുടെ ആശങ്കയിലുമാണിവര്‍.