സ്വകാര്യ വ്യക്തികളുടെ എതിര്‍പ്പ്; ചാലിയാര്‍ പുഴയില്‍ നിന്ന് മണല്‍ വാരി തുടങ്ങിയില്ല

പ്രളയമുന്നൊരുക്കത്തിന്റെ ഭാഗമായി മണല്‍വാരാന്‍ അനുമതി ഉണ്ടായിട്ടും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലൂടെ ഒഴുകുന്ന ചാലിയാര്‍ പുഴയില്‍നിന്ന് മണല്‍ വാരി തുടങ്ങിയില്ല. നാല് കടവുകളുണ്ടെങ്കിലും സ്വകാര്യ വ്യക്തികളുടെ എതിര്‍പ്പിനെതുര്‍ന്ന് രണ്ട് കടവുകള്‍ അടച്ചതും തിരിച്ചടിയായി.

ചാലിയാര്‍ പുഴ കരവിഞ്ഞാണ് ചെറുവണ്ണൂര്‍ നല്ലളം മേഖല വെള്ളത്തിനടിയിലാകുന്നത്. പുഴയിലടിഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ നീക്കി ആഴം കൂട്ടാന്‍ ദുരന്തനിവാരണ അതോറിറ്റി അനുമതി നല്‍കിയിരുന്നു. മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി അഴിമുഖ മേഖലയായതിനാല്‍ മണലാണ് ഇവിടെ കൂടതലുളളത്. അനുമതി ലഭിച്ച രണ്ടുകടവുകളില്‍ നിന്ന് മണല്‍ വാരാനുള്ള നടപടിക്രമം പൂര്‍ത്തിയിട്ടുമില്ല. സ്ഥല ഉടമകളായ സ്വകാര്യ വ്യക്തികളുടെ എതിര്‍പ്പിനെതുടര്‍ന്ന് പൂട്ടിയ മറ്റ് രണ്ട് കടവുകള്‍ കൂടി തുറക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചാലിയാറിനോട് അതിര്‍ത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളെല്ലാം മണല്‍ വാരല്‍ തുടങ്ങിയിരുന്നു. അഴിമുഖത്തോട് ചേര്‍ന്നുള്ള ഭാഗത്തെ മാലിന്യങ്ങള്‍ നീക്കിയില്ലെങ്കില്‍ പ്രളയജലം സമുദ്രത്തിലേക്ക് ഒഴുകിപോകില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.