പുഴയിലടിഞ്ഞ ചെളി നീക്കിയില്ല; പ്രളയഭീതിയിൽ പെരുവയൽ പഞ്ചായത്ത്

പ്രളയഭീതിയില്‍ കോഴിക്കോട് പെരുവയല്‍ പഞ്ചായത്ത്. പ്രളയത്തില്‍ പുഴയിലും പുഴയോരങ്ങളിലും അടിഞ്ഞ  ചെളി നീക്കം ചെയ്യാന്‍ അനുമതി ലഭിക്കാത്തതിനാല്‍ പുഴ വഴിമാറി ഒഴുകുമോ എന്ന ആശങ്കയിലാണ് ചാലിയാര്‍ പുഴയോരത്തെ പള്ളിക്കടവ് നിവാസികള്‍.

കഴിഞ്ഞ പ്രളയത്തില്‍ അടിഞ്ഞ ചെളിയാണ് ഈ കുന്നുകൂടികിടക്കുന്നത്,ഇതിലും എത്രയോ അധികം പുഴയിലും അടിഞ്ഞിട്ടുണ്ട്. പള്ളിക്കടവ് ഭാഗത്തെ ചെളി നീക്കമെന്ന ആവശ്യവുമായി പെരുവയല്‍ പഞ്ചായത്തധികൃതര്‍ ജില്ലാ ഭരണകൂടത്തെ നിരവധി തവണ സമീപിച്ചു. പുഴയില്‍ നിന്ന് എത്ര ചെളി വാരണം എന്നത് തീരുമാനിക്കേണ്ടത് സിഡബ്ല്യുആർഡിഎം ആണ്. ഈ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ചെളി വാരാന്‍ കഴിയുള്ളൂ

ഇക്കാര്യത്തില്‍ തീരുമാനം വൈകുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് ഇവിടുത്തെ ജനങ്ങള്‍ക്കാണ്. കഴിഞ്ഞ പ്രളയം അത്ര കണ്ട് ഇവരെ ദുരിതത്തിലാക്കിയിരുന്നു. കോഴിക്കോട് ജില്ലയില്‍ ഏറ്റവും പ്രളയം വിതച്ച സ്ഥലമാണ് പെരുവയല്‍ പഞ്ചായത്ത്. ഇപ്പോഴും അതിന്റെ ബാക്കിപത്രം ഇവിടെ കാണാം.

പെരുവയലിന് തൊട്ടടുത്ത പെരുമണ്ണപഞ്ചായത്തില്‍ പുഴയില്‍ നിന്ന് മണല്‍ വാരുന്നുണ്ട്. ഇനിയും അനുമതി വൈകിയാല്‍ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാനാണ് പെരുവയല്‍ പഞ്ചായത്തധികൃതരുടെ തീരുമാനം.