ലോക്ഡൗണില്‍ വിജനമായ കോഴിക്കോട് േമപ്പയൂര്‍ ടൗണില്‍ വീണ്ടും വെരുകിറങ്ങി. വനപാലകര്‍ പിടികൂടി കാട്ടിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ വെരുക് ചത്തു. അപൂര്‍വ്വരോഗമാണ് മരണകാരണം. വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ഇത്.
നിര്‍ഭയനായി സീബ്രാലൈന്‍ മുറിച്ച് കടക്കുന്ന ഈ വെരുകിനെ നമ്മള്‍ കഴിഞ്ഞ മാസമാണ് കണ്ടത്. അതിന് ശേഷമിതാ മറ്റൊരു വെരുക് കൂടി മേപ്പയൂരിലിറങ്ങി. ആദ്യകാഴ്ച്ചയില്‍ തന്നെ വെരുകിന് എന്തോ അസുഖമുണ്ടെന്ന് ബോധ്യപ്പെട്ടു. വനപാലകരെത്തി കൂട്ടിലാക്കി. ചികില്‍സ നല്‍കി. എന്നാല്‍
മണിക്കൂറുകള്‍ക്കുള്ളില്‍ വെരുക് ചത്തു. അപൂര്‍വ രോഗമാണ് മരണകാരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലേ വിശദ വിവരങ്ങള്‍ അറിയൂ. സാധാരണ രാത്രി മാത്രം ഇറങ്ങാറുള്ള വെരുക് ആളനക്കം തീര്‍ത്തും ഇല്ലാതായതോടെയാകാം പകലിറങ്ങിയത്. മനുഷ്യനിഴലിനെപോലും പേടിക്കുന്ന ഇവ
നാട്ടിലിറങ്ങിയതിന് പിന്നില്‍ രോഗം ബാധിച്ചതും കാരണമാകാം. വനപ്രദേശങ്ങളില്ലാത്ത മേപ്പയൂര്‍ ഭാഗത്തേയ്ക്ക് ഇവ എങ്ങനെ എത്തിയെന്ന് നാട്ടുകാരെയും അത്ഭുതപ്പെടുത്തുന്നു.