കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം നാടുകാണി ചുരം പാതയുടെ പുനർനിർമാണത്തിന് മുന്നോടിയായുളള വിദഗ്ധ സംഘത്തിന്റെ പഠനം പൂര്‍ത്തിയായെങ്കിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പാതിവഴിയില്‍ നിന്നു. ചുരംപാതയില്‍ മലയിടിച്ചില്‍ ഭീഷണി നിലനില്‍ക്കെ അടുത്ത കാലവർഷത്തിനു മുന്‍പെ പണി പൂര്‍ത്തിയാക്കാനാവില്ല.

കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തില്‍ കഴിഞ്ഞ ഒാഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തിലാണ് തകരപ്പാടി, തേൻപാറ, ജാറം ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായത്. വനത്തിൽ നിന്നു വന്ന പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് പതിക്കുകയായിരുന്നു. ഉരുള്‍ പൊട്ടലില്‍ രണ്ടിടങ്ങളില്‍ റോഡ് ഇടിഞ്ഞു താഴ്ന്നു. 3 മാസത്തിനു ശേഷം താൽകാലിക  യാത്രാസൗകര്യം ഒരുക്കിയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. പുനർ നിർമാണത്തിന് മുന്നോടിയായി ഡൽഹി റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘത്തെയാണ് പഠനത്തിന് നിയോഗിച്ചത്. 30 ലക്ഷം രൂപയാണ് ഇതിനായി സർക്കാർ ചിലവഴിച്ചത്. കാലവര്‍ഷം അടുത്തിരിക്കെ ഈ ഭാഗത്തെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാവാത്തത് പ്രതിസന്ധിയാകും.

തകർന്ന ഭാഗങ്ങളിലൂടെ വാഹനങ്ങൾ ഇപ്പോൾ തന്നെ ഭീതിയോടെയാണ് കടന്നു പോകുന്നത്. ശക്തമായ മഴ പെയ്താൽ ഈ ഭാഗത്ത് ഇനിയും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലിനിടെ ചുരത്തില്‍ കുടുങ്ങിയ നൂറു കണക്കിന് യാത്രക്കാര്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. അന്ന് കുടുങ്ങിയ ഒട്ടേറെ വാഹനങ്ങള്‍ ഒരു മാസത്തിനു ശേഷമാണ് പുറത്ത് എത്തിക്കാനായത്.