ലോക് ഡൗണിനിടെ അളവുതൂക്ക സാമഗ്രികളുടെ വില്‍പന കേന്ദ്രത്തില്‍ കയറിക്കൂട്ടിയ വെരുകിനെ പിടിക്കാന്‍ പുലിവാലു പിടിച്ച് കച്ചവടക്കാരും പൊലീസും. മലപ്പുറം എടക്കര ടൗണിലാണ് കടമുറയില്‍ വെരുക് കയറിക്കൂടിയത്.
ഉടമ കട തുറന്നപ്പോള്‍ ആകെ അലങ്കോലമായി കിടക്കുന്നു. ത്രാസും സാധനങ്ങളുമെല്ലാം മറിച്ചിട്ട നിലയില്‍. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുന്നതിന് ഇടയില്‍ പെട്ടികള്‍ക്കിടയില്‍ നിന്ന് വെരുക് പുറത്തേക്ക് ചാടി. വെരുകു പോലെ എന്ന പേരു കളയാതെ കടമുറിയിലാകെ ഒാടി നടന്നു. ഉപദ്രവിക്കും എന്നു കണ്ടതോടെ കടയടച്ച് പുറത്തേക്കു ചാടി. പൊലീസിന്റെ സഹായം തേടി.
ട്രോമ കെയര്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ എത്തിയ പൊലീസിനേയും അര മണിക്കൂറോളം വലച്ചു. നീണ്ട പരിശ്രമത്തിന് ഒടുവില്‍ വെരുകിനെ പിടികൂടി. കടയിലെ വില്‍പ്പന സാമഗ്രികള്‍ക്കൊപ്പം വയറിങ് വരെ നശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ എയര്‍ഹോളിലൂടെയാണ് അകത്തു കയറിക്കൂടിയത്. വെരുകിനെ വനം ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.