അഴിമതിയില്‍ മുങ്ങി കാരാപ്പുഴ പദ്ധതി; കര്‍ഷകര്‍ ദുരിതത്തില്‍

പ്രഖ്യാപിതലക്ഷ്യം കൈവരിച്ചിരുന്നെങ്കില്‍ വയനാട്ടിലെ കാര്‍ഷിക മേഖലയുടെ മുഖം മാറ്റിമറിക്കുന്നതായിരുന്നു കാരാപ്പുഴ പദ്ധതി.എണ്ണായിരത്തോളം ഹെക്ടറിലെ കൃഷിക്ക് വെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് ഉദ്യാഗസ്ഥരുടെയും കരാറുകാരുടെയും അഴിമതിയില്‍ മുങ്ങിപ്പോയത്. കോടികള്‍ ചിലവിട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കനാലുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി വെള്ളമെത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

63 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലെ കൃഷിയെ പോഷിപ്പിക്കാനാണ് 1976 ല്‍ പദ്ധതിനിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്.

എന്നാല്‍ ചിലരുടെ കീശ വലുതായി എന്നല്ലാതെ വെള്ളമെത്തിയില്ല. 

വാഴവറ്റയില്‍ അണക്കെട്ട് നിര്‍മ്മിച്ച് ആറ് പഞ്ചായത്തുകളിലെ എണ്ണായിരത്തോളം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനമെത്തിക്കുകയായിരുന്നു ലക്ഷ്യം.

ഇതിനായി നിരവധിയാളുകളെ കുടിയൊഴിപ്പിച്ചു. ഇടതും വലതു ഭാഗങ്ങളിലേക്ക് കിലോമീറ്ററുകളോളം കനാലുകള്‍ പണിതു. ഏഴ് കോടിയോളം രൂപ പ്രതീക്ഷിച്ച് നിര്‍മ്മാണം തുടങ്ങിയ പദ്ധതിക്ക് 300 കോടിയോളം ചെലവ് വന്നു. പദ്ധതി പിന്നീട് ഉപേക്ഷിച്ചു. കര്‍ഷകര്‍ വെള്ളത്തിനായി കാത്തിരിപ്പ് തുടരുന്നു.

കനാലുകളുെട നിര്‍മ്മാണത്തില്‍ വലിയ ക്രമക്കേടുണ്ടായി. കാലപ്പഴക്കത്താല്‍ നശിച്ചുകൊണ്ടിരിക്കുന്ന കനാലുകള്‍ ഇനിയും ഉപയോഗപ്പെടുത്താം. അറ്റകുറ്റപ്പണിയെങ്കിലും പെട്ടന്ന് പൂര്‍ത്തിയാക്കി വെള്ളമെത്തിച്ചാല്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും

ജലസേചനം ലക്ഷ്യമിട്ടുള്ള പദ്ധതി ടൂറിസം കുടിവെള്ള പദ്ധതികള്‍ക്ക് മാത്രമായി ചുരുങ്ങിപ്പോയി. നിര്‍മ്മാണത്തിലെയും നടത്തിപ്പിലെയും അഴിമതിയെക്കുറിച്ച് നിരവധി അന്വേഷണങ്ങള്‍ നടന്നിരുന്നു.