വിളവെടുപ്പിനുപോലും മാങ്ങയില്ല; മുതലമടയില്‍ 500 കോടിയുടെ നഷ്ടം

മുതലമടയില്‍ വിളവെടുപ്പിനുപോലും മാങ്ങയില്ലാതായപ്പോള്‍ അഞ്ഞൂറു കോടി രൂപയുടെ വ്യാപാര നഷ്ടമാണുണ്ടായത്. ഉത്തരേന്ത്യൻ വിപണികളിലേക്ക് പ്രതിദിനം അന്‍പതു ടൺ മാങ്ങ കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏഴു ടണ്‍ വരെ മാത്രമാണുളളത്.  

മാങ്ങ തരംതിരിച്ച് കയറ്റുമതിക്കായി ക്രമീകരിക്കുന്ന മിക്ക മാങ്ങ സംഭരണകേന്ദ്രങ്ങളിലും ഇപ്പോള്‍ തിരക്കില്ല. പ്രതിദിനം ശരാശരി നാല്‍പതും അന്‍പതും ടണ്‍ ഉത്തരേന്ത്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഇപ്പോഴത് ഏഴോ എട്ടോ ടണ്‍ മാത്രമായി ചുരുങ്ങി. ഡിസംബറിലെ വിളവെടുപ്പിലൂടെ രാജ്യത്ത് ആദ്യം വിപണിയിലെത്തുന്നത് മുതലമടയിലെ മാങ്ങയായിരുന്നു. ഉത്തരേന്ത്യ കടന്ന് യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിലൂടെയായിരുന്നു നേട്ടം. 

കാലാവസ്ഥ വ്യതിയാനവും ഇലപ്പേനുകളുടെ ശല്യവും കഴിഞ്ഞവര്‍ഷവും ഉണ്ടായിരുന്നതായി കര്‍ഷകര്‍ പറയുന്നു. ഇതിലൂടെ നാല്‍പതുശതമാനം വിളവാണ് അന്ന് കുറഞ്ഞത്. പ്രതിസന്ധി തോട്ടങ്ങളിലെ തൊഴിലാളികളെയും ബാധിച്ചു. 

അൽഫോൺസ, ബംഗനപ്പളി, സിന്ദൂരം, തുടങ്ങി ഏറ്റവും മുന്തിയ ഇരുപത്തിയഞ്ച് മാവു ഇനങ്ങളാണ് മുതലമടയിലെ തോട്ടങ്ങളിലുളളത്. പഞ്ചായത്തിൽ 1500-ഓളം കർഷകരുടേതായി 6000 ഹെക്ടർ സ്ഥലത്ത്‌ മാവ് കൃഷി ചെയ്യുന്നുണ്ട്.

കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ നേരിടാനാകും. വരുംവര്‍ഷങ്ങളിലും കൃഷിയെ ബാധിക്കാതിരിക്കാന്‍ കാര്‍ഷിക സര്‍വകലാശാലകളുടെ സഹായം തേടുകയാണ് കര്‍ഷകര്‍.