കാത്തിരിപ്പ് അവസാനിച്ചു, പൊന്നാനിയിൽ പുതിയ ഹാർബർ പ്രവർത്തനം തുടങ്ങി

പൊന്നാനിയിലെ മല്‍സ്യത്തൊഴിലാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുഴുവന്‍ ബോട്ടുകളും പുതിയ ഹാര്‍ബറിലെത്തി കച്ചവടം തുടങ്ങി. ഇതോടെ 9 വര്‍ഷം മുന്‍പ് കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഹാര്‍ബറാണ് പ്രവര്‍ത്തനം തുടങ്ങിയത്.

പുതിയ ഹാര്‍ബറില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. മല്‍സ്യം സംരക്ഷിക്കാന്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍ , വെയിലും മഴയും ഏല്‍ക്കാത്ത ലേലഹാള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം. പൊന്നാനിയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് പുതിയ ലോകമാണ് തുറന്നിരിക്കുന്നത്.

പുതിയ ഹാര്‍ബറിന്റെ വരവോടെ കച്ചവടം പണ്ടത്തെക്കാള്‍ മെച്ചപ്പെടുമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ വിശ്വാസം. ഒരേസമയം 350 ബോട്ടുകള്‍ക്ക് ഇവിടെ നങ്കൂരമിടാം. ഹാര്‍ബറില്‍ പൊലീസിന്റെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.