പ്രണയം നിരസിച്ചു; പെണ്‍കുട്ടിയെ കുത്തിപ്പരുക്കേൽപ്പിക്കാൻ ശ്രമം; അറസ്റ്റ്

മലപ്പുറം പെരിന്തല്‍മണ്ണയിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിപ്പരുക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി  ജിനേഷാണ് പിടിയിലായത്. 

പെൺകുട്ടി പഠിക്കുന്ന ട്യൂഷൻ സെന്ററിന് സമീപം ബാഗില്‍ കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ വധശ്രമത്തിനു പുറമെ പോക്‌സോയും ചുമത്തിയാണ്  പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.