വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി ചിങ്ങേരിമല; പദ്ധതികൾ ആരംഭിച്ചു

വയനാട്ടിലെ പ്രധാനപ്പെട്ട സാഹസിക വിനോദസഞ്ചാര കേന്ദ്രമാകാൻ ഒരുങ്ങുകയാണ് അമ്പലവയൽ ചീങ്ങേരി മല. ആദ്യഘട്ടമായി 1.04 കോടി രൂപയുടെ പ്രവൃത്തികളാണു ചീങ്ങേരി മലയുടെ താഴ്‍വാരത്ത് പുരോഗമിക്കുന്നത്. നിരവധി പേർ ഈ മേഖലയിലെ ഭംഗി ആസ്വദിക്കാൻ എത്തുന്നുണ്ട് 

വയനാട് ജില്ലയിൽ ഒട്ടേറെ വിനോദ സഞ്ചാരകേന്ദ്രങ്ങളുണ്ടെങ്കിലും സാഹസിക ടൂറിസം കേന്ദ്രങ്ങൾ കുറവാണ്. ചീങ്ങേരി മലയെ അത്തരമെ‌ാരു ഇടമാക്കി  മാറ്റുകയാണു പദ്ധതിയുടെ  ലക്ഷ്യം. നിരവധി പേരാണ് ചീങ്ങേരിയുടെ ഭംഗി ആസ്വദിക്കാൻ മലകയറുന്നത്. ചെരിഞ്ഞും ഇടയ്ക്കു കുത്തനെയുമുള്ള പാറക്കെട്ടുകളാണ് പ്രത്യേകത. മുകളിലെത്തിയാൽ കാരാപ്പുഴ റിസർവോയറും സമീപ പ്രദേശങ്ങളും ആസ്വദിക്കാം.കുട പോലെ നിൽക്കുന്ന പാറയും കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കും. ഇവിടെയാണ്‌  പുതിയ സാധ്യതകൾ തെളിയുന്നത്. 

ആദ്യഘട്ടമായി 1.04 കോടി രൂപയുടെ പ്രവൃത്തികളാണു ചീങ്ങേരി മലയുടെ താഴ്‍വാരത്ത് പുരോഗമിക്കുന്നത്. പദ്ധതിയുടെ 50 ശതമാനം പൂർത്തിയാക്കി. ഈ വർഷം തന്നെ നിർമാണം പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.ചീങ്ങേരി പാറയിലെ ടൂറിസം പദ്ധതികൾക്കു വർഷങ്ങളുടെ പഴക്കമുണ്ട്. മുൻപ് ഇതേ സ്ഥലത്ത് ഏഴരക്കോടി രൂപ ചെലവിൽ ടൂറിസം പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പണിആരംഭിച്ചങ്കിലും നടപ്പായില്ല. റോപ് വേ, വിശ്രമ കേന്ദ്രം തുടങ്ങിയ വൻ പദ്ധതികളാണ് അന്ന് ആലോചിച്ചിരുന്നത്.