കുരുത്തോല കൊണ്ട് കളിപ്പാട്ടങ്ങള്‍; കുരുന്നുകൾക്ക് കൗതുകം

കുരുന്നുമനസുകളില്‍ കൗതുകം നിറച്ച് കാസര്‍കോട്, പിലിക്കോട് കുരുത്തോലക്കളരി. അടിയോടി സ്മാരക വായനശാലയുെട നേതൃത്വത്തിലായിരുന്നു പരിപാടി. തെങ്ങിന്റെ തളിരോലകൊണ്ട് കളിപ്പാട്ടങ്ങളും അലങ്കാര വസ്തുക്കളുമുണ്ടാക്കുന്നതിന് കുട്ടികളെ പരിശീലിപ്പിച്ചു.

ഒരുകാലത്ത് കുട്ടികൾ കളിക്കാനുപയോഗിച്ചിരുന്ന തിരിപ്പട്ടം, ഓലപ്പന്ത്, പാമ്പ്, മയിൽ, നക്ഷത്രം തുടങ്ങി അമ്പതോളം കളിപ്പാട്ടങ്ങൾ കുരുത്തോലയിൽ വിരിഞ്ഞു. ഓല മുറിച്ചുണ്ടാക്കിയ പൂക്കളും അലങ്കാരങ്ങളും കൗതുകമുണര്‍ത്തുന്നതായിരുന്നു. വിസ്മൃതിയിലേയ്ക്ക് മറയുന്ന ഓലക്കളിപ്പാട്ടങ്ങളും, അലങ്കാരങ്ങളും തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശീലനക്കളരി സംഘടിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ അലങ്കാരങ്ങളുടെ ലോകത്തേയ്ക്ക് പുതുതലമുറയെ കൊണ്ടുവരുക എന്നതും പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നു.

രവി വെള്ളോറ, പി .രതീഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. നാടിന്റെ പൗരാണിക സംസ്ക്കാരത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിലുള്ള കൂടുതല്‍ പരിപാടികള്‍ ഇനിയും സംഘടിപ്പിക്കാനാണ് അടിയോടി സ്മാരക വായനശാല പ്രവര്‍ത്തകരുടെ തീരുമാനം.