മഴയിൽ തകർന്ന ബേക്കൽ കോട്ടയുടെ നവീകരണം വൈകും

കനത്ത മഴയില്‍ തകര്‍ന്ന കാസര്‍കോട്, ബേക്കല്‍ കോട്ടയുടെ നവീകരണം വൈകും. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതിയുള്‍പ്പെടെ ലഭിച്ച ശേഷമാകും ജോലികള്‍ ആരംഭിക്കുക. എന്നാല്‍ അറ്റകുറ്റപണികള്‍ വൈകുന്നത് കോട്ടയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പുരാവസ്തു വകുപ്പിലെ വിദഗ്ദ്ധ സംഘത്തിന്റെ വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും തകര്‍ന്ന നിരീക്ഷണകേന്ദത്തിന്റെ നവീകരണം ഉണ്ടാവുകയെന്നാണ് സൂചന. മഴ ഇനിയും ശക്തമായാല്‍ കല്ലിളകിയ ഭാഗത്തുകൂടി വെള്ളം അകത്തു കയറും. ഇത് കൊത്തളത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. ഒപ്പം കോട്ടയുടെ മറ്റുഭാഗങ്ങളുടെ ബലക്ഷയത്തിനും വഴിവയ്ക്കും. 

കോട്ടയ്ക്കുള്ളിലെ ടൂറിസ്റ്റ് ബംഗ്ലാവിന്റെ മേല്‍ക്കൂരയും കഴിഞ്ഞദിവസം തകര്‍ന്നു. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ബംഗ്ലാവ് പത്തുവര്‍ഷം മുമ്പാണ് ബിഅര്‍ഡിസി നവീകരിച്ചത്. ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങിയതല്ലാതെ അധികൃതരാരും പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഈ കെട്ടിടം മ്യൂസിയമാക്കി മാറ്റണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല.

നിലവില്‍, തര്‍ന്ന  നിരീക്ഷണകേന്ദത്തിന് മുകളിലേയ്ക്ക് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറ്റകുറ്റപണികള്‍ നീണ്ടുപോയാല്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് കോട്ടയുടെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാനാകില്ല. ഓണം അവധിക്കു മുമ്പ് ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.