കോഴിക്കോട് കിനാലൂര്‍ എസ്റ്റേറ്റിലെ തോട്ടംഭൂമി ക്രമവിരുദ്ധമായി വില്‍പന നടത്തിയെന്ന ആരോപണത്തിനിടയില്‍ എല്ലാ ഇടപാടുകളും തടഞ്ഞ കലക്ടറുടെ നടപടിയും വിവാദത്തില്‍. തൊഴിലാളികള്‍ക്ക് ഭൂമി കൈമാറാന്‍ കലക്ടറെ ചുമതലപ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഭൂമിയുടെ ക്രയവിക്രയം പൂര്‍ണമായും നിറുത്തിവച്ചുള്ള ഉത്തരവ് കലക്ടര്‍ ഇറക്കിയത്. ഇതോടെ ഭൂമിക്കായി ഓഫിസുകള്‍ കയറിയിറങ്ങുന്ന തൊഴിലാളികള്‍ക്കുള്ള നിയമകുരുക്കും വര്‍ധിച്ചു.  

തൊഴിലാളികളില്‍ ഭൂമി ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ഭൂമി കൈമാറാന്‍ കലക്ടറെ ചുമതലപ്പെടുത്തി 2015 ജനുവരി 31ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവാണിത്. ഇത് നിലനില്‍ക്കെയാണ് എസ്റ്റേറ്റിലെ എല്ലാ ഭൂമിയിടപാടുകളും നിറുത്തിവച്ചുകൊണ്ട് കലക്ടര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. ഡിവിഷന്‍ ബെഞ്ച് വിധി മറച്ചുവച്ച് ഭൂമി വില്‍ക്കാന്‍ ഇടപാടുകാര്‍ സിംഗിള്‍ ബഞ്ചില്‍നിന്ന് അനുകൂല ഉത്തരവ് നേടിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു കലക്ടറുടെ ഇടപെടല്‍. തൊഴിലാളികളെ സംരക്ഷിക്കാന്‍ നാല് വര്‍ഷം മുന്‍പിറക്കിയ സര്‍ക്കാര്‍ ഉത്തരവ് റവന്യൂവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് ആക്ഷേപം.

ഒരേ ഭൂമി ഒരേ ജീവനെന്ന സംഘടനയുടെ പരാതി പരിഗണിച്ചാണ് തോട്ടം ഭൂമിയുടെ തരം മാറ്റലിനെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ ലാന്‍ഡ് ബോര്‍ഡിനോട് ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടത്.