ഡിഫ്ത്തീരിയ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, ജാഗ്രത

കാസർകോട് ചിറ്റാരിക്കലിൽ ഡിഫ്ത്തീരിയ രോഗമുണ്ടെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഒരു യുവാവും, രണ്ടു കുട്ടികളും രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എന്നാൽ ഇവർക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.  

ഡിഫ്റ്റിയ ലക്ഷണങ്ങളോടെ ചികിത്സതേടിയ ചിറ്റാരിക്കൽ  മൂത്താടിത്തട്ടിലെ സി.വി.സുധീശൻ കഴിഞ്ഞയാഴ്ച മരിച്ചു. ഇതോടെയാണ് ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയത്. സുധീരനുമായി അടുത്തിടപഴകിയ വ്യക്തികൾക്ക് ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പ്രതിരോധ മരുന്നുകളും വാക്സിനും നൽകി.  ഇതോടൊപ്പം ഇദ്ദേഹം താമസിച്ചിരുന്ന കോളനിയിലും മരുന്ന് വിതരണം നടത്തി. സുധീരനൊപ്പം ജോലി ചെയ്തിരുന്ന യുവാവാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. പ്രദേശത്തെ തന്നെ കുട്ടികളും പരിയാരത്ത് പ്രത്യേകം തയ്യാറാക്കിയ വാർഡിൽ നിരീക്ഷണത്തിലാണ്.ഇതര സംസ്ഥാന തൊഴിലാളികളിൽനിന്നാണ്  രോഗം മലയോരത്തെത്തിയതെന്നാണ് അധികൃതർ സംശയിക്കുന്നത്. 

രോഗത്തെക്കുറിച്ചുള്ള ആശങ്കകളകറ്റാൻ അതിരുമാവ്, മൂത്താടിത്തട്ട് കോളനികളിലും ചിറ്റാരിക്കാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടന്നു. പനിയോ മറ്റ് അസുഖങ്ങളോ വന്നാൽ സ്വയം ചികിത്സ നടത്തരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

 ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രോഗ പ്രതിരോധത്തിനുള്ള വാക്സിനും മറ്റു മരുന്നുകളും ചിറ്റാരിക്കാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങളും, ബോധവൽക്കരണവും തുടരാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.