കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ യഥാർഥ ഗുണം ജനങ്ങളിലെത്തിക്കാൻ കൃഷിവകുപ്പ്

രുചിയിലും ഗുണത്തിലും പേരുകേട്ട കുറ്റ്യാട്ടൂർ മാമ്പഴം യഥാർഥ ഗുണത്തിൽ ജനങ്ങളിലെത്തിക്കാൻ കൃഷിവകുപ്പ്. കാത്സ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി മാങ്ങ പഴുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാമ്പഴത്തിന്റെ വിൽപനതന്നെ കൃഷിവകുപ്പ് ഏറ്റെടുത്തത്.  

മാമ്പഴം കൊണ്ട് പ്രശസ്തമായ പഞ്ചായത്താണ് കണ്ണൂരിലെ കുറ്റ്യാട്ടൂർ. ആരും ഇവിടെ മാവ് കൃഷി ചെയ്യാറില്ല. പക്ഷേ എല്ലാവരുടെയും വീട്ടുവളപ്പിലും വഴിയോരങ്ങങ്ങളിലും നിറയെ മാവാണ്. മാമ്പഴക്കാലത്ത് തുശ്ചമായ വിലയ്ക്ക് പാട്ടത്തിന് നൽകും. ഈ മാങ്ങയാണ് പുറമെയ്ക്ക് എത്തുന്നത്. ഇതിൽ കാത്സ്യം കാർബൈഡ് കണ്ടതോടെ നാട്ടുകാർക്ക് ഇരട്ടി വില നൽകി കൃഷിവകുപ്പ് മാങ്ങ പറിക്കാൻ തുടങ്ങി. കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും മൂടിവച്ച് മാങ്ങ പരമ്പരാഗത രീതിയിൽ പഴുപ്പിക്കും. കൃഷിവകുപ്പിന്റെ ഇക്കോ ഷോപ്പുകൾ വഴി നേരിട്ട് ആവശ്യക്കാരിലേക്ക്.

ഡിസംബർമുതൽ വിളവെടുക്കാറുണ്ടെങ്കിലും ഇത്തവണ പ്രളയംകാരണം മാവ് പൂക്കുന്നത് വൈകി. എങ്കിലും ഉൽപാദനത്തിൽ കുറ്റ്യാട്ടൂർ മാവ് പുറകിലല്ല. ഈ വർഷവും അയ്യായിരം ടൺ മാങ്ങ വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.