പയ്യന്നൂരിൽ പുനരധിവാസ പാക്കേജ് നടപ്പാക്കി എണ്ണസംഭരണം ആകാമെന്ന് റിപ്പോർട്ട്

കണ്ണൂര്‍ പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ ഉചിതമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കി എണ്ണ സംഭരണശാല സ്ഥാപിക്കാമെന്ന് സാമൂഹ്യപ്രത്യാഘാത പഠന റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും സമരത്തില്‍നിന്ന് പിന്‍മാറില്ലെന്നും സമരസമിതി വ്യക്തമാക്കി.  

280 കുടുംബങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. രണ്ടുകുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. ഭൂമി നഷ്ടമാകുന്നവരില്‍ 144 കുടുംബങ്ങളുടെ ഏക വരുമാനമാര്‍ഗമായ കൃഷിയും ഇല്ലാതാകും. മൂവായിരം തെങ്ങുകളും മുറിച്ച് മാറ്റണം. കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കേണ്ടിവരില്ല. ഏഴനാവിക അക്കാദമിക്കുവേണ്ടി കണ്ടങ്കാളിയിലേക്ക് മാറ്റിപാര്‍പ്പിക്കപ്പെട്ട പതിനാല് കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ചതുപ്പുനിലം നികത്തുന്ന പദ്ധതിയില്‍ ജീവജാലകളുടെ ആവാസവ്യവസ്ഥയെക്കുറിച്ചും ജലലഭ്യതെക്കുറിച്ചും പഠനം നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്.

കാസര്‍കോട് മുതല്‍ തൃശൂര്‍വരെയുള്ള പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിനാണ് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികള്‍ പയ്യന്നൂരില്‍ എണ്ണ സംഭരണകേന്ദ്രം സ്ഥാപിക്കുന്നത്.