പ്രതിഷേധത്തിന്റെ ഈരടികളുമായി സാംസ്കാരികപ്രവർത്തകർ; ധര്‍ണ സംഘടിപ്പിച്ചു

ജനാധിപത്യത്തിനെതിരെയുള്ള ഭീകരതയുടെ കടന്നാക്രമണമാണ്  ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സാഹിത്യകാരന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. കേരളത്തെ കലാപഭൂമിയാക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട് സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.രാമനുണ്ണി ധര്‍ണ ഉദ്ഘാടനം ചെയ്തു.

പ്രതിഷേധത്തിന്റെ ഈരടികളുമായി കോഴിക്കോട്ടെ സാംസ്കാരികപ്രവര്‍ത്തകര്‍ മിഠായിത്തെരുവിന് മുന്നില്‍ സംഘടിച്ചു. കേരളത്തെ കലാപഭൂമിയാക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. അക്രമങ്ങള്‍ക്കെതിരെ വിപുലമായ ജനകീയ പ്രതിരോധം തീര്‍ക്കും. ഭക്തരുടെ വേഷം കെട്ടുന്ന ഭീകരരാണ് വിശ്വാസം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതെന്ന് കെ.ഇ.എന്‍ കുറ്റപ്പെടുത്തി.

ജില്ലയിലെ സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നവോത്ഥാന മൂല്യസംരക്ഷണവേദിയാണ് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.