ഇനി സർഗവിദ്യാലയങ്ങൾ; ഉദ്ഘാടനം എം.ടി നിർവഹിച്ചു

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സർഗ വിദ്യാലയമായി ഒരു സ്കൂൾ തിരഞ്ഞെടുക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. സർഗ വിദ്യാലയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് വെള്ളിനേഴി ഗവണ്‍മെന്റ് ഹയർസെക്കന്‍ഡറി സ്കൂളില്‍ എംടി വാസുദേവൻനായർ നിര്‍വഹിച്ചു. 

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലാണ് സർഗവിദ്യാലയം പദ്ധതി നടപ്പാക്കിയത്. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പരിശീലിപ്പിക്കുന്നതിന് സ്കൂളിലും സാഹചര്യമുണ്ടാക്കു‌ന്നതാണ് പദ്ധതി. വെള്ളിനേഴി ഹയർ സെക്കന്‍ഡറി സ്കൂളില്‍ സാഹിത്യകാരൻ എംടി വാസുദേവൻ നായരാണ് സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്. മന്ത്രി സി രവീന്ദ്രനാഥ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. 

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലേയും ഒരു സ്കൂൾ സർഗ വിദ്യാലയമായി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്ന തരത്തിലുള്ള പാഠ്യപദ്ധതിക്ക് രൂപം നൽകും. കഥകളി ഉള്‍പ്പെടെയുളള കലകള്‍ അഭ്യസിപ്പിക്കുന്ന സ്കൂളാണ് വെള്ളിനേഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ. എം.ടിയുടെ നിർദേശപ്രകാരമാണ് സംസ്ഥാനത്തെ ആദ്യ സർഗവിദ്യാലയമായി സ്കൂളിനെ തിരഞ്ഞെടുത്തത്.