അട്ടപ്പാടി ചുരം റോഡ് തകർന്നിട്ട് രണ്ട് വർഷം; എങ്ങുമെത്താതെ പുനർനിർമാണം

അട്ടപ്പാടി ചുരം റോഡ് തകര്‍ന്നിട്ട് രണ്ടു വര്‍ഷമായിട്ടും നിര്‍മാണം വൈകുന്നു. കിഫ്ബിയിലൂെട പണം അനുവദിച്ചെന്ന് പറയുന്നതല്ലാതെ ഉദ്യോഗസ്ഥ നടപടികള്‍ എങ്ങുമെത്തിയില്ല. അറ്റകുറ്റപ്പണി ഏറ്റെടുക്കാന്‍ കരാറുകാരില്ലെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം. തകര്‍ന്ന റോഡിലൂടെയുളള യാത്ര ജനങ്ങള്‍ക്ക് ദുരിതമായി.

മണ്ണാര്‍ക്കാട് നിന്ന് ആനക്കട്ടി വരെയുളള അന്തര്‍സംസ്ഥാന പാത തകര്‍ന്ന് തരിപ്പണമായിട്ട് നാളുകളേറെയായി. രണ്ടു വര്‍ഷമായി യാത്രക്കാര്‍ ഇൗ ദുരിതം അനുഭവിക്കുന്നു. മിക്കയിടത്തും വലിയ കുഴികള്‍ തന്നെയാണ്. പരാതികള്‍ ഉയരുമ്പോഴെല്ലാം കിഫ്ബി വഴി 80 കോടി രൂപ അനുവദിച്ചെന്നും റോഡ് നിര്‍മാണം ഉടന്‍ തുടങ്ങുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. പക്ഷേ കിഫ്ബി  പദ്ധതിയുടെ സാങ്കേതിക നടപടിക്രമങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. 2017 സെപ്റ്റംബറില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും റോഡ് തകര്‍ന്നിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് വീണ്ടും റോഡ് ദുര്‍ബലമായി.

നാലു കോടി രൂപയുടെ അറ്റകുറ്റപ്പണി ഒന്നരമാസത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇന്നലെ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്. പക്ഷേ അപ്പോഴും കിഫ്ബി വഴിയുളള 80 കോടിയുെട നിര്‍മാണ പ്രവൃത്തി എന്ന് തുടങ്ങുമെന്ന് തീരുമാനമായില്ല. അറ്റകുറ്റപ്പണി പോലും ഏറ്റെടുക്കാന്‍ കരാറുകാരില്ലെന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം യാത്രക്കാര്‍ ഇനിയും ദുരിതം അനുഭവിക്കുമെന്നുളള മുന്നറിയിപ്പ് കൂടിയാണ്്.