അട്ടപ്പാടി ചുരം റോഡ് നവീകരണം; രൂപരേഖ തയാർ, വൈകില്ലെന്ന് മന്ത്രി

അട്ടപ്പാടി ചുരം റോഡ് നവീകരണം വൈകില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യാത്രാപ്രതിസന്ധി കണക്കിലെടുത്ത് കിഫ്ബി ഫണ്ട് അനുവദിച്ച് നിര്‍മാണം വേഗത്തിലാക്കാന്‍ രൂപരേഖ തയാറാക്കിയിട്ടുണ്ട്. നിര്‍മാണപുരോഗതി അടുത്തമാസം നേരിട്ട് വിലയിരുത്തുമെന്നും റിയാസ് പാലക്കാട് പറഞ്ഞു. 

മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ മുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. കിഫ്ബി വഴി കൂടുതല്‍ തുക അനുവദിക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. എന്നാല്‍ പണികള്‍ തുടങ്ങാന്‍ പാകത്തിലുള്ള യാതൊരു നീക്കവുമുണ്ടായില്ല. ഇതിനിടയില്‍ പലപ്പോഴും റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. യാത്രാതടസവും പതിവായി. മഴ കനത്താല്‍ പലപ്പോഴും ചുരമിടിഞ്ഞ് അട്ടപ്പാടി ഒറ്റപ്പെടുന്ന സ്ഥിതിയാണ്. ഇതിന് വൈകാതെ പരിഹാരമുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി.

അട്ടപ്പാടി ചുരം റോഡില്‍ നിലവില്‍ നവീകരണ പ്രവൃത്തികള്‍ മാത്രമാണുള്ളത്. താവളം മുള്ളി റോഡ് നിര്‍മാണവും പൂര്‍ത്തിയാക്കാനായിട്ടില്ല. യാത്രാ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐയും കോണ്‍ഗ്രസും ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടര്‍ സമരം സംഘടിപ്പിച്ചിരുന്നു.