വനിതാ തീർഥാടകർക്കായി പ്രത്യേക കെട്ടിടം; ഹജ് ക്യാംപിന് മുൻപ് പൂർത്തിയാക്കും

കരിപ്പൂർ ഹജ് ഹൗസിൽ വനിതാ തീർത്ഥാടകർക്ക് താമസിക്കാനായി പ്രത്യേക കെട്ടിടം ഒരുങ്ങുന്നു. അടുത്ത ഹജ് ക്യാംപിനു മുൻപ് കെട്ടിടം ഒരുക്കാനാണ് പദ്ധതി.

അടുത്ത വർഷത്തെ ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ചർച്ച ചെയ്യാനാണ് ഹജ് ഹൗസിൽ യോഗം ചേർന്നത്. വനിതാ തീർത്ഥാടകർക്ക് താമസ സൗകര്യമൊരുക്കുന്ന കാര്യത്തിലാണ് യോഗത്തിൽ തീരുമാനമായത്.500 വനിതാ തീർത്ഥാടകർക്ക് ഒരേ സമയം താമസിക്കത്തക്ക രീതിയിലുള്ള കെട്ടിടമാണ് ഒരുക്കുക.നിലവിൽ 7 കോടിയുടേയും 20 കോടിയുടേയും രണ്ട് രൂപരേഖയാണുള്ളത്. സർക്കാറിൽ നിന്ന് അനുമതി ലഭിച്ചാൽ ഉടൻ കെട്ടിടം നിർമിക്കും.

കരിപ്പൂരിൽ ഹജ് എംബാർക്കേഷൻ കേന്ദ്രം പുനസ്ഥാപിച്ചതുമായി ബന്ധപ്പെട്ട്  എയർ പോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവുവുമായി ഹജ് കമ്മിറ്റി അംഗങ്ങൾ ചർച്ച നടത്തി.ഹജുമായി ബന്ധപ്പെട്ട ലൈബ്രറിയും മ്യൂസിയവും ഹജ് ഹൗസിൽ ഒരുക്കാനും പദ്ധതിയുണ്ട്.