കക്കയം ഡാമിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പുനസ്ഥാപിക്കാനായില്ല

പ്രളയക്കെടുതിയെത്തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമിലേക്ക് സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം രണ്ട് മാസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാനായില്ല. ടൂറിസ്റ്റ് ഗൈഡുകളുള്‍പ്പെടെ മുപ്പത്തി അഞ്ചിലധികം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗവും അടഞ്ഞു. പ്രദേശത്തേക്കുള്ള റോഡും അനുബന്ധ സൗകര്യങ്ങളും ഇപ്പോഴും പണിതീരാത്ത നിലയിലാണ്. 

കക്കയം ഡാമിലേക്ക് രണ്ട് തരത്തിലാണ് പ്രവേശനമുള്ളത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള കാഴ്ച ആസ്വദിക്കാന്‍ വനംവകുപ്പും ഡാമും പരിസരപ്രദേശങ്ങളുടെ ഭംഗിയറിയാന്‍ വൈദ്യുതിവകുപ്പും അനുമതി നല്‍കണം. പ്രളയക്കെടുതി കഴിഞ്ഞ് ഒരുമാസം പിന്നിട്ടതോടെ  വൈദ്യുതിവകുപ്പിന്റെ നിയന്ത്രണം പിന്‍വലിച്ചു. എന്നാല്‍ റോ‍ഡുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനാകാത്തതിനാല്‍  ടൂറിസംവകുപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഇക്കോടൂറിസത്തിന്റെ ഭാഗമായുള്ള ഗൈഡുകളുള്‍പ്പെടെ പലരുടെയും ഉപജീവനമാര്‍ഗം അടഞ്ഞു. മഴമാറിനില്‍ക്കുന്നതിനാല്‍ കക്കയത്തേക്ക് സഞ്ചാരികള്‍ ഏറെയെത്തുന്നുണ്ട്. എന്നാല്‍ മുടക്കുന്ന പണത്തിന് പൂര്‍ണമായ കാഴ്ച ആസ്വദിച്ച് മടങ്ങാനാകില്ലെന്ന അവസ്ഥയാണ്. വനത്തിനുള്ളിലെ യാത്രയും ഉരല്‍ക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്.  

ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിസന്ധി പരിഹരിച്ച് പൂര്‍ണതോതില്‍ സഞ്ചാരികളെ കടത്തിവിടാന്‍ കഴിയുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. വാഹനഗതാഗതവും അടിസ്ഥാനസൗകര്യവും പുനസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഡി.എഫ്.ഒ അറിയിച്ചു.