കാഞ്ഞങ്ങാട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ലൈ ഓവര്‍ നിര്‍മ്മിക്കും

കാസര്‍കോട് കാഞ്ഞങ്ങാട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ലൈ ഓവര്‍ നിര്‍മ്മിക്കും. അലാമിപ്പള്ളി മുതൽ നോർത്ത് കോട്ടച്ചേരി വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് മേല്‍പാലം വരുന്നത്. പദ്ധതിയുടെ  പ്രാഥമിക സർവ്വേ നടപടികൾ പൂര്‍ത്തിയായി.

കാസര്‍കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങളും, ദേശീയപാതയി ഒഴിവാക്കി സമയലാഭം നോക്കി ബൈപ്പാസിലൂടെ ‌‌‌കാസര്‍കോട്ടെയ്ക്ക് വരുന്ന വാഹനങ്ങളുമാണ് കാഞ്ഞങ്ങാടിന്റെ ഗതാഗതക്കുരുക്ക് മുറുക്കുന്നത്. രാവിലേയും, വൈകീട്ടുമെല്ലാം  നഗരം വാഹനത്തിരക്കില്‍  കുടുങ്ങിക്കിടക്കുന്നതു പതിവുകാഴ്ചയായി. കെ.എസ്.ടി.പി.യുടെ റോഡുവികസനം അനന്തമായി നീണ്ടു പോകുന്നതും ഗതാഗതക്കുരുക്കിന് കാരണമാണ്. ഈ സാഹചര്യത്തിലാണ് നഗരസഭ  മേല്‍പാലം എന്ന ആശയം പൊതുമരാമത്ത് വകുപ്പിനുമുന്നില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍  400കോടി രൂപ വകയിരുത്തിയതോടെ കാഞ്ഞങ്ങാടിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമായി.  മേല്‍പാലത്തിന്റെ ഡിസൈനിങ് ജോലികള്‍ പുരോഗമിക്കുകയാണ്. എത്രയും പെട്ടെന്ന് നിര്‍മ്മാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

അലാമിപ്പിള്ളിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് കൂടി വരുന്നതോടെ നഗരത്തില്‍ ഇനിയും തിരക്കേറും. അതുകൊണ്ടു തന്നെ പരമാവധി വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഫ്ലൈഓവര്‍ വരുന്നതോടെ ഉത്തര മലബാറിലെ പ്രധാനപ്പെട്ട നഗരമായി കാഞ്ഞങ്ങാട് മാറുമെന്ന പ്രതിക്ഷയുമുണ്ട്.