അടിസ്ഥാന സൗകര്യമില്ലാതെ കാസർകോഡ് സർക്കാർ ആശുപത്രി

കാസര്‍കോഡിന്‍റെ മലയോരമേഖല പനിച്ചു വിറയ്ക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രധാന സര്‍ക്കാര്‍ ആശുപത്രി. സാധാരണക്കാരായ നിരവധി രോഗികളുടെ ആശ്രയകേന്ദ്രമായ വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനാണ് ഈ ദുര്‍ഗതി. കാലപ്പഴക്കത്താല്‍ ആശുപത്രിക്കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല.

ജില്ലയില്‍ ഏറ്റവുമധികം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത വെള്ളരിക്കുണ്ടിലെ പ്രാഥമിക ആരോഗ്യകേന്ദ്രമാണ് പരാധീനതകളില്‍ ഉഴലുന്നത്. പ്രധാന കെട്ടിടം കാലപ്പഴക്കത്താല്‍ ചോര്‍ന്നൊലിച്ചു തുടങ്ങിയിട്ടും പുനര്‍നിര്‍മ്മിക്കാനുള്ള ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. കിടത്തി ചികിത്സയ്ക്ക് സൗകര്യമുള്ള രണ്ടു ചെറിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മാത്രമാണ് ഇരുപതുവര്‍ഷം പഴക്കമുള്ള ഈ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ചത്. വെള്ളരിക്കുണ്ട് ആസ്ഥാനമായി താലൂക് നിലവില്‍ വന്നതോടെ ഈ ആശുപത്രിയെ സാമൂഹിക ആരോഗ്യകേന്ദ്രമായി  ഉയര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നു.

ഇവിടുത്തെ ഡോക്ടര്‍ ഉപരിപഠനത്തിനായി അവധിയില്‍ പ്രവേശിച്ചതോടെ രോഗികളുടെ ദുരിതം ഇരട്ടിയായി. കൊന്നക്കാട് പ്രഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കാണ് താത്ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ജില്ലയില്‍ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ ഏറെയുള്ള ബളാല്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയോടുള്ള അധികൃതരുടെ  അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബന്ധപ്പെട്ടവരുടെ സമീപനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.