പതിമൂന്ന് വർഷത്തെ കാത്തിരിപ്പ് സഫലമായി; ഇ.കെ.നായനാർക്ക് സ്വന്തം നാട്ടിൽ സ്മാരകം

പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുൻ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഇ.കെ.നായനാർക്ക് സ്വന്തം നാട്ടിൽ സ്മാരകം യാഥാർഥ്യമാകുന്നു. കണ്ണൂർ ബർണശ്ശേരിയിൽ സിപിഎം നേതൃത്വത്തിൽ സ്ഥാപിച്ച ഇ.കെ.നായനാർ അക്കാദമി നായനാരുടെ ചരമദിനമായ ഇന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും.

നാൽപത്തിയ്യായിരം ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നില കെട്ടിടമാണ് അക്കാദമിക്കായി നിർമിച്ചിരിക്കുന്നത്. മ്യൂസിയം, ലൈബ്രറി, ഓഡിറ്റോറിയം, ഡൈനിങ് ഹാൾ തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട്. സിപിഎമ്മിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽനിന്ന് പണം ശേഖരിച്ചാണ് സ്മാരകം നിർമിച്ചത്. അക്കാദമി പാർട്ടി കേന്ദ്രമായിരിക്കില്ലെന്നും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നൽകുമെന്നും സിപിഎം അറിയിച്ചു.

1920മുതൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിമായിരിക്കും തയ്യാറാക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പഠന കേന്ദ്രമായിരിക്കും നായനാർ അക്കാദമി.